Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെയ്നി: എളിയ തുടക്കം, സുപ്രധാന വിധികൾ

op-saini ഒ.പി. സെയ്നി

ന്യൂഡൽഹി∙ 2ജി കേസിൽ വിധി പറഞ്ഞ സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നി (62) 1981ൽ ഔദ്യോഗിക ജീവിതമാരംഭിച്ചതു പൊലീസ് സബ് ഇൻസ്പെക്ടറായി. ആറു വർഷത്തിനുശേഷം ജുഡീഷ്യൽ സർവീസസ് പരീക്ഷ വിജയിച്ചു മജിസ്ട്രേട്ടായി. 1987ൽ ആ പരീക്ഷയിൽ ജയിച്ച ഏക ഉദ്യോഗാർഥിയായിരുന്നു ഹരിയാന സ്വദേശിയായ സെയ്നി.

സെയ്നിയുടെ സൽപേരും കഠിനാധ്വാനവും കണക്കിലെടുത്താണു 2011ൽ സുപ്രീം കോടതി അദ്ദേഹത്തെ 2ജി കേസിന്റെ ചുമതല ഏൽപിച്ചത്. നേരത്തേ ചെങ്കോട്ട ഭീകരാക്രമണക്കേസ്, കോമൺവെൽത്ത് ഗെയിംസ് അഴിമതിക്കേസ്, നാഷനൽ അലൂമിനിയം കമ്പനി കേസ് എന്നിവയിൽ വിധിപറഞ്ഞതും അദ്ദേഹമായിരുന്നു. 2000 ഡിസംബർ 22നു നടന്ന ചെങ്കോട്ട ഭീകരാക്രമണത്തിലെ മുഖ്യപ്രതി മുഹമ്മദ് ആരിഫിനും മറ്റ് ആറുപേർക്കും സെയ്‌നി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി പിന്നീടു ഡൽഹി ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചു.

കോമൺവെൽത്ത് ഗെയിംസ് അഴിമതിക്കേസിൽ സുരേഷ് കൽമാഡിയോടൊപ്പം പ്രവർത്തിച്ച ലളിത് ഭാനോട്ട്, വി.കെ. വർമ, കെ.യു.ഐ. റെഡ്ഡി, പ്രവീൺ ബക്‌ഷി, ദേവ്രുക്കർ ശേഖർ എന്നിവർക്കു തടവുശിക്ഷ ലഭിച്ചു. 2ജി കേസിൽ ഭാരതി എയർടെല്ലിന്റെ ഉടമ സുനിൽ മിത്തൽ, ഹച്ചിസൺ മാക്‌സിന്റെ അസിം ഘോഷ്, സ്റ്റെർലിങ് സെല്ലുലാറിന്റെ രവി റൂയിയ എന്നിവരെ സെയ്നി കോടതിയിൽ വിളിച്ചുവരുത്തി തെളിവെടുത്തു.

കേസിൽ പ്രതിചേർക്കപ്പെട്ട കനിമൊഴിക്കു ജാമ്യം നൽകുമെന്നായിരുന്നു പൊതുവേ കരുതിയിരുന്നത്. എന്നാൽ, കേന്ദ്രഭരണത്തിൽ നിർണായക സ്വാധീനമുള്ള പാർട്ടിയുടെ ഉന്നത നേതാവായ കനിമൊഴിയെ ജയിലിലേക്കയച്ചു. രാഷ്ട്രീയസ്വാധീനമുള്ള കനിമൊഴിയെ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു സെയ്നിയുടെ നിരീക്ഷണം.