ചെന്നൈ∙ 2ജിയുടെ ഗ്രഹണകാലം വിട്ടൊഴിഞ്ഞതോടെ ഡിഎംകെയുടെ ഉദയസൂര്യനു തിളക്കമേറും; തമിഴ്നാട്ടിൽ മാത്രമല്ല, ഡൽഹിയിലും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽനിന്നു കൂടുതൽ സീറ്റുകൾ ലക്ഷ്യമിടുന്ന ബിജെപി ഇനി ഡിഎംകെയെ എൻഡിഎ കൂടാരത്തിലെത്തിക്കാൻ അടവുകൾ ഊർജിതമാക്കും. എന്നാൽ, മറ്റു പാർട്ടികൾ അയിത്തം കൽപിച്ച കാലത്തും കൂടെ നിന്ന കോൺഗ്രസിനെ അത്ര പെട്ടെന്നു കൈവിടാൻ ഡിഎംകെ തയാറാകില്ല. കോൺഗ്രസുമായി കൂടുതൽ വിലപേശലിനും ഇനി മടിയുണ്ടാകില്ല.
കഴിഞ്ഞ മാസം ചെന്നൈ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി കരുണാനിധിയെ സന്ദർശിച്ചതോടെയാണു ഡിഎംകെയുടെ എൻഡിഎ പ്രവേശനസാധ്യത സംബന്ധിച്ച അഭ്യൂഹങ്ങൾ തുടങ്ങിയത്. അതിനുശേഷം കേന്ദ്രസർക്കാരിനെതിരെ എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവരുടെ വിമർശനത്തിന്റെ മൂർച്ച കുറഞ്ഞു. നേരത്തേ കരുണാനിധിയുടെ ജന്മദിനം ബിജെപി വിരുദ്ധ മഹാസമ്മേളനമാക്കി ആഘോഷിച്ച പാർട്ടിയാണു ഡിഎംകെ.
അണ്ണാ ഡിഎംകെയിൽ പളനിസാമി, പനീർസെൽവം പക്ഷങ്ങൾ തമ്മിലുള്ള ലയനം ബിജെപിയുടെ ആശീർവാദത്തോടെയായിരുന്നെങ്കിലും തുടർന്നു പ്രതീക്ഷിച്ചതു പോലെ പാർട്ടിക്കു കേന്ദ്രമന്ത്രിസഭയിൽ ഇടം ലഭിച്ചില്ല. മാറുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ കൂടുതൽ മെച്ചം ഡിഎംകെ സഖ്യമാണെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചു കേന്ദ്ര നേതൃത്വം ചുവടുമാറ്റുകയാണെന്നാണു വിലയിരുത്തൽ. മോദിയുടെ സന്ദർശനത്തിനു പിന്നിലും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുണ്ടായിരുന്നു. ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയിലുണ്ടായ പ്രതിസന്ധി തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയൊരുക്കിയിട്ടുണ്ട്.
ആർകെ നഗറിൽ ഇടതു പാർട്ടികളും വൈകോയുടെ എംഡിഎംകെയുമെല്ലാം ഡിഎംകെയെ പിന്തുണയ്ക്കുന്നതു മാറ്റത്തിന്റെ സൂചനയാണ്. 2ജി വിധിയോടെ ഇതു കൂടുതൽ ശക്തിപ്പെടും. ഫലത്തിൽ ബിജെപിക്കും പ്രതിപക്ഷത്തിനും കൂടുതൽ സ്വീകാര്യരാകുകയാണു ഡിഎംകെ. ബിജെപിക്കു കാത്തിരിക്കാൻ അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പു വരെ സമയമുണ്ട്. അതിനു മുൻപുതന്നെ ചിലപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പു വന്നേക്കാം. സ്റ്റാലിനു തമിഴ്നാട്ടിൽ ചടുലമായ നീക്കങ്ങൾ നടത്താനുള്ള ആത്മവിശ്വാസം നൽകുന്നതാണു വിധി. അതിനാൽ, സമവാക്യങ്ങളിൽ പെട്ടെന്നു മാറ്റം പ്രതീക്ഷിക്കേണ്ട. വിധിക്കുശേഷം കനിമൊഴി ആദ്യം വിളിച്ചവരിലൊരാൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണു താനും.