ഹിമാചൽ മുഖ്യമന്ത്രി: ജയറാം താക്കൂറിനു സാധ്യത

ഷിംല∙ ഹിമാചൽപ്രദേശിൽ മുഖ്യമന്ത്രിയെ തേടി ബിജെപിയുടെ കേന്ദ്ര നിരീക്ഷകരും കേന്ദ്രമന്ത്രിമാരുമായ നിർമല സീതാരാമനും നരേന്ദ്ര സിങ് തോമറും പാർട്ടി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി പ്രേംകുമാർ ധൂമൽ തിരഞ്ഞെടുപ്പിൽ തോറ്റതാണു പ്രശ്നമായത്. എംഎൽഎമാരിൽ നിന്നാവണം മുഖ്യമന്ത്രിയെന്ന അഭിപ്രായത്തിനാണു മുൻതൂക്കം.

സെറാജിൽ നിന്ന് അഞ്ചാം തവണയും എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട ജയറാം താക്കൂറാണു സാധ്യതാ പട്ടികയിൽ മുന്നിൽ. പ്രഖ്യാപനം ഇന്നുണ്ടായേക്കും. കേന്ദ്ര നിരീക്ഷകർ എംഎൽഎമാരെ ഓരോരുത്തരെയായി കണ്ട് അഭിപ്രായം തേടാനും സാധ്യതയുണ്ട്. ധൂമലിനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെടുന്ന എംഎൽഎമാർ ഏറെയാണ്. അദ്ദേഹത്തിനുവേണ്ടി രാജിവയ്ക്കാൻ മൂന്നുപേർ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. 68 അംഗ നിയമസഭയിൽ ബിജെപിക്കു 44 എംഎൽഎമാരുണ്ട്.