Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിന്റെ യോഗത്തിനെത്തിയ എംഎൽഎയും വനിതാ കോൺസ്റ്റബിളും തമ്മിലടിച്ചു

Asha Kumari കോൺഗ്രസ് എംഎൽഎ ആശാ കുമാരിയുടെ വനിതാ കോൺസ്റ്റബിളും തമ്മിലുണ്ടായ അടി. ചിത്രം കടപ്പാട് എൻഡിടിവി

ഷിംല∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത ഹിമാചൽപ്രദേശ് തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനെത്തിയ എംഎൽഎയും വനിതാ കോൺസ്റ്റബിളും തമ്മിലടിച്ചു. ആശാ കുമാരിയെന്ന എംഎൽഎയെ വനിതാ കോൺസ്റ്റബിൾ തടഞ്ഞതാണ് പ്രശ്നത്തിനു കാരണം.

യോഗ സ്ഥലത്തേയ്ക്കു കടക്കാനൊരുങ്ങിയപ്പോൾ തടഞ്ഞ വനിതാ കോൺസ്റ്റബിളിനെ ആശാകുമാരി അടിക്കുകയായിരുന്നു. അടിയേറ്റ വനിതാ കോൺസ്റ്റബിളും തിരിച്ചു തല്ലിയതോടെ രംഗം വഷളായി. അടിയുടെ വിഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. എഐസിസി സെക്രട്ടറിയായ ആശാ കുമാരിക്കാണ് പാർട്ടി പഞ്ചാബിന്റെ ചുമതല നൽകിയിരിക്കുന്നത്. ഹിമാചലിലെ ഡൽഹൗസിയിൽ‌ നിന്നാണ് ആശാകുമാരി ജയിച്ച് എംഎൽഎയായത്.

യോഗത്തിനെത്തിയ തന്നെ വനിതാ കോൺസ്റ്റബിൾ പിടിച്ചുതള്ളുകയായിരുന്നുവെന്ന് ആശാകുമാരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എനിക്ക് അവരുടെ അമ്മയുടെ പ്രായമുണ്ട്. അവിടെ ദേഷ്യപ്പെടാൻ പാടില്ലായിരുന്നെന്ന് ഞാൻ സമ്മതിക്കുന്നു. അതിൽ ക്ഷമ ചോദിക്കുന്നു– ആശാ കുമാരി പറഞ്ഞു.