Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര് മുഖ്യമന്ത്രിയാകണം? ഹിമാചൽ പിടിച്ചിട്ടും ബിജെപിയിൽ തർക്കം തീരുന്നില്ല

Dhumal-Sitaraman ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് കേന്ദ്രനിരീക്ഷകയായി എത്തിയ പ്രതിരോധമന്ത്രി നിർമല സീതാരാമൻ നിലവിലെ മുഖ്യമന്ത്രി പ്രേംകുമാർ ധൂമലുമായി സംസാരിക്കുന്നു.

ഷിംല∙ ഹിമാചൽ പ്രദേശിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി പ്രേകുമാർ ധൂമൽ പരാജയപ്പെട്ടതോടെ പകരം മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം. ആരു മുഖ്യമന്ത്രിയാകണമെന്നതിനെ ചൊല്ലി സംസ്ഥാന ഘടകം രണ്ടു തട്ടിലായതോടെ പാർട്ടി നേതൃത്വം ആശയക്കുഴപ്പത്തിലായി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ധൂമൽ മുഖ്യമന്ത്രിയാകണമെന്ന് ഒരു വിഭാഗവും മുതിർന്ന എംഎൽഎ ജയറാം താക്കൂറിനെ മുഖ്യമന്ത്രിയാക്കണമെന്ന് മറുവിഭാഗവും ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി കേന്ദ്ര നിരീക്ഷകരായെത്തിയ നിർമല സീതാരാമനെയും നരേന്ദ്രസിങ് തോമറിനെയും പാർട്ടി പ്രവർത്തകർ തടയുന്ന സ്ഥിതിപോലും സംസ്ഥാനത്തുണ്ടായി. കേന്ദ്ര നിരീക്ഷകരും സംസ്ഥാനത്തിന്റെ ചുമതലയുള്ള മംഗൾ പാണ്ഡെയും മുതിർന്ന നേതാക്കളെയും ആർഎസ്എസ് നേതാക്കളെയും കണ്ടശേഷം ഡൽഹിക്കു മടങ്ങിയിരുന്നു. ഷിംലയിലെ ഹോട്ടലിൽ ഇവർ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തുന്ന സമയത്ത് പുറത്ത് ധൂമലിന്റെയും ജയറാം താക്കൂറിന്റെയും അനുയായികൾ ചേരിതിരിഞ്ഞ് പോർവിളി മുഴക്കുകയും ചെയ്തു.

ജയിച്ച ബിജെപി എംഎൽഎമാരിൽ 26 പേരുടെ പിന്തുണയാണ് ധൂമൽ പക്ഷം അവകാശപ്പെടുന്നത്. സ്വന്തം മണ്ഡലത്തിൽ തോറ്റെങ്കിലും സംസ്ഥാനത്ത് ബിജെപി നേടിയ മികച്ച വിജയത്തിനു പിന്നിൽ പ്രവർത്തിച്ചത് ധൂമൽ ആണെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ പക്ഷം. ധൂമലിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാമിർപുരിൽനിന്ന് ഇത്തവണ അദ്ദേഹത്തെ സുജൻപുരിലേക്ക് മാറ്റിയ തീരുമാനത്തെയും ഇവർ ചോദ്യം ചെയ്യുന്നു. കോൺഗ്രസ് നേതാവ് രജീന്ദർ റാണയ്ക്ക് വ്യക്തമായ പിന്തുണയുള്ള ഇവിടെ ധൂമലിനെ മൽസരിപ്പിച്ച് ബലിയാടാക്കിയെന്നാണ് ഇവരുടെ വികാരം. അതുകൊണ്ടുതന്നെ വിജയിച്ച എംഎൽഎമാരിൽ ഒരാൾ മാറി ധൂമലിനെ ഉപതിരഞ്ഞെടുപ്പിലൂടെ വിജയിപ്പിച്ച് മുഖ്യമന്ത്രിയാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

അതേസമയം, ആർഎസ്എസുമായി അടുത്ത ബന്ധമുള്ള ജയറാം താക്കൂർ മുഖ്യമന്ത്രിയാകണമെന്നാണ് മറുവാദം. തിരഞ്ഞെടുപ്പിൽ വിജയിച്ചയാളെ മുഖ്യമന്ത്രിയാക്കുന്നതാണ് ശരിയായ കീഴ്‌വഴക്കമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഏതാനും ദിവസങ്ങൾക്കകം മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമാകുമെന്നാണു സൂചന. കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയുടെ പേരും പരിഗണനയിലുണ്ട്.