ഹിമാചൽ മുഖ്യമന്ത്രി: തീരുമാനം നീളുന്നു

ഷിംല∙ ഹിമാചൽപ്രദേശിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി പ്രേകുമാർ ധൂമൽ പരാജയപ്പെട്ടതോടെ പകരം മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കേന്ദ്ര നിരീക്ഷകരായ നിർമല സീതാരാമനും നരേന്ദ്രസിങ് തോമറും സംസ്ഥാനത്തിന്റെ ചുമതലയുള്ള മംഗൾ പാണ്ഡെയും മുതിർന്ന നേതാക്കളെ കണ്ടശേഷം ഇന്നലെ ഡൽഹിക്കു മടങ്ങി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗം ചേരാതെയാണ് ഇവർ റിപ്പോർട്ട് നൽകുന്നത്. ഏതാനും ദിവസങ്ങൾക്കകം മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമാകുമെന്നാണു സൂചന. കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ, മുതിർന്ന എംഎൽഎ ജയറാം താക്കൂർ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെങ്കിലും ധൂമൽ പക്ഷം ഇതിനെ എതിർക്കുന്നു.