ഷിംല∙ ഹിമാചൽപ്രദേശിൽ ബിജെപി മുഖ്യമന്ത്രിയായി ജയറാം താക്കൂറിനെ എംഎൽഎമാരുടെ യോഗം തിരഞ്ഞെടുത്തു. കാൽനൂറ്റാണ്ടിനു ശേഷമാണു ഹിമാചലിൽ പുതിയൊരു മുഖ്യമന്ത്രി വരുന്നത്. 1993 മുതൽ കോൺഗ്രസിന്റെ വീരഭദ്രസിങ്ങും ബിജെപിയുടെ പ്രേംകുമാർ ധൂമലും മാറി മാറി ഭരിച്ചുവരികയായിരുന്നു.
മൂന്നിൽ രണ്ടിനടുത്ത ഭൂരിപക്ഷത്തിലേക്കു പാർട്ടിയെ നയിക്കാനായെങ്കിലും തിരഞ്ഞെടുപ്പിൽ ധൂമൽ പരാജയപ്പെട്ടതോടെയാണു മണ്ഡി മേഖലയിൽ നിന്നുള്ള ജയറാമിന് അവസരം ലഭിച്ചത്. സത്യപ്രതിജ്ഞ 27നു നടന്നേക്കും. തോറ്റ ധൂമൽ തന്നെ മുഖ്യമന്ത്രിയാകണമെന്ന നിലപാടിലായിരുന്നു ഒരു വിഭാഗം എംഎൽഎമാർ. സെറാജ് മണ്ഡലത്തിൽ നിന്നു വിജയിച്ച ജയറാം ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രിയുമാണ്. 1998 മുതൽ എംഎൽഎ.
ഹിമാചൽപ്രദേശ് മുഖ്യമന്ത്രിമാർ:
1985: കോൺഗ്രസ് – വീരഭദ്ര സിങ്
1990: ബിജെപി – ശാന്തകുമാർ
1993: കോൺഗ്രസ് – വീരഭദ്ര സിങ്
1998: ബിജെപി – പ്രേംകുമാർ ധുമൽ
2003: കോൺഗ്രസ് –വീരഭദ്ര സിങ്
2007: ബിജെപി – പ്രേംകുമാർ ധുമൽ
2012: കോൺഗ്രസ് – വീരഭദ്രസിങ്
2017: ബിജെപി – ജയറാം താക്കൂർ