പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ്: വിപുൽ അംബാനിയെ ചോദ്യം ചെയ്തു

മുംബൈ∙ പഞ്ചാബ് നാഷനൽ ബാങ്കിൽ നടന്ന 11,400 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടു നീരവ് മോദിയുടെ വജ്രാഭരണ കമ്പനിയായ ഫയർ സ്റ്റാറിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ വിപുൽ അംബാനിയെ സിബിഐ ചോദ്യം ചെയ്തു. മൂന്നു വർഷമായി ഇൗ പദവിയിലുള്ള വിപുൽ അംബാനി, റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപക ചെയർമാൻ ധീരുഭായ് അംബാനിയുടെ അനുജൻ നാഥുഭായ് അംബാനിയുടെ മകനാണ്. വിപുൽ അംബാനിയുടെ പാസ്പോർട്ട് സിബിഐ മരവിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

കെമിക്കൽ എൻജിനീയറിങ് പഠിച്ച ശേഷം റിലയൻസ് ഇൻ‍ഡസ്ട്രീസിലാണു വിപുൽ അംബാനിയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട്, റിലയൻസ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടറുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായി. 2009 വരെ ടവർ ക്യാപിറ്റൽ ആൻഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി. കറോക്സ് ടെക്നോളജീസ്, കൊണ്ടാൻഗോ ട്രേഡിങ് ആൻഡ് കമ്മോഡിറ്റി എന്ന സ്ഥാപനത്തിലും ഉന്നത പദവികൾ വഹിച്ച ശേഷം 2014ലാണു നീരവ് മോദിയുടെ ഫയർ സ്റ്റാർ കമ്പനിയിൽ ചേർന്നത്.