ശ്രീദേവിയുടെ മരണം എങ്ങനെ?

ശ്രീദേവിയുടെ മരണത്തിൽ കൃത്യമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമല്ലാത്തതിനാൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലേ നിഗമനങ്ങളിൽ എത്തിച്ചേരാനാകൂ. അപകടമരണത്തിനു മുൻതൂക്കം നൽകുമ്പോഴും അസ്വാഭാവിക മരണത്തിൽ എല്ലാ സാധ്യതകളും അന്വേഷിക്കേണ്ടതാണ്. 

അസ്വാഭാവിക മരണത്തിനു മൂന്നു സാധ്യതകളാണുള്ളത് 

1) അപകടം 

2) ആത്മഹത്യ 

3) കൊലപാതകം 

ഇവിടെ അപകട സാധ്യതയ്ക്കാണു മുൻതൂക്കം. ബാത് ടബ്ബിൽ മുങ്ങിമരിക്കുമോ എന്ന ചോദ്യം ഉയരാം. വെള്ളത്തിൽ മുങ്ങുമ്പോൾ സ്വയം രക്ഷപ്പെടാനുള്ള പ്രവണത കാണിക്കുന്നതാണു സ്വാഭാവിക രീതി. എന്നാൽ, ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിലോ കുഴഞ്ഞുവീഴുന്നതു പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാലോ സ്വയം രക്ഷപ്പെടാനുള്ള ശേഷി നഷ്ടപ്പെടാം. ശ്വാസകോശത്തിലേക്കു നേരിട്ടു വെള്ളം കയറി മരിക്കാം. മൂന്നിഞ്ചു മാത്രം വെള്ളത്തിൽ പോലും മൂക്കു കുത്തിവീണ് ആളുകൾ മരിക്കുന്നത് ഇങ്ങനെയാണ്.

ചിലരിൽ നിർജലീകരണം കൊണ്ടുപോലും ബോധക്ഷയം ഉണ്ടാകാം. മറ്റു ചില സാഹചര്യങ്ങളിൽ ശരീരം തളർന്നുപോകാം. കുളിമുറിയുടെ വാതിൽ അടച്ചിരുന്നോ, മരണം സംഭവിച്ച രീതി എങ്ങനെ, രക്തത്തിലെ മദ്യത്തിന്റെ അളവെത്ര തുടങ്ങിയ ഒട്ടേറെ ഘടകങ്ങളും പരിശോധിക്കേണ്ടതുണ്ട്. 

പാലക്കാട് ജില്ലാ പൊലീസ് സർജൻ (ഫൊറൻസിക് മെഡിസിൻ സീനിയർ കൺസൽറ്റന്റ്) ആണ് ഗുജ്‌റാൾ.