കള്ളന്മാരുണ്ടോ? ബിഎസ്എഫിൽ ഇനി നിരീക്ഷണം

ന്യൂഡൽഹി ∙ അടിപൊളി ജീവിതം നയിക്കുന്ന ബോർ‌ഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ഓഫിസർമാർ ഇനി നോട്ടപ്പുള്ളികൾ. ബിഎസ്എഫിലെ തന്നെ ഉദ്യോഗസ്ഥരാണ് ഇവരെ നിരീക്ഷിക്കുക. പാക്കിസ്ഥാൻ, ബംഗ്ലദേശ് അതിർത്തികൾ കാക്കുന്ന ഓഫിസർമാരിൽ ചിലർ കള്ളക്കടത്തുകാരുമായി ബന്ധം പുലർത്തുന്നുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

മലയാളിയായ കമാൻഡിങ് ഓഫിസർ 45 ലക്ഷം രൂപയുടെ നോട്ടുകളുമായി കേരളത്തിൽ ജനുവരിയിൽ അറസ്റ്റിലായിരുന്നു. ബംഗ്ലദേശ് അതിർത്തിയിൽ പ്രവർത്തിച്ചിരുന്ന പത്തനംതിട്ട ഇലന്തൂർ പുളിനിക്കുന്നതിൽ ജിബു ഡി. മാത്യു ബംഗാളിൽ നിന്നു ഷാലിമാർ എക്സ്പ്രസിൽ ആലപ്പുഴയിൽ എത്തിയപ്പോഴാണു സിബിഐ ഉദ്യോഗസ്ഥർ പിന്തുടർന്നു പിടികൂടിയത്. ഇയാൾക്കു രാജ്യാന്തര കള്ളക്കടത്തുകാരനായ ബിഷു ഷെയ്ക്കുമായി ബന്ധമുണ്ടെന്നു സിബിഐ കണ്ടെത്തിയിരുന്നു. കന്നുകാലികൾ, ലഹരിപദാർഥങ്ങൾ എന്നിവ കടത്താൻ ബിഷു ഷെയ്ക്കിനെ ഇയാൾ സഹായിച്ചതായാണു നിഗമനം.

സംശയമുള്ള ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്ന സംവിധാനം നേരത്തേ തന്നെയുണ്ടായിരുന്നെങ്കിലും ഈയിടെയാണ് പുതിയ ചില മാനദണ്ഡങ്ങൾ കൂടി ഉൾപ്പെടുത്തിയത്. ഇതനുസരിച്ച് ആഡംബര ജീവിതം നയിക്കുന്നവർ, വരുമാനത്തിൽ കവിഞ്ഞ സ്വത്തുള്ളവർ, മുന്തിയ ക്ലബ്ബുകളിൽ അംഗത്വമുള്ളവർ, ചെലവേറിയ സൽക്കാരച്ചടങ്ങുകൾ നടത്തുന്നവർ എന്നിവരെക്കൂടി സംശയമുള്ളവരുടെ പട്ടികയിൽ പെടുത്തി. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെടുന്നവരെ വീട്ടിലോ ഹോട്ടലിലോ കാണുന്നതും പട്ടികയിൽ വരാൻ ഇടയാക്കും.