കൈലാഷഹർ (ത്രിപുര) ∙ മൂന്നു സഹപ്രവർത്തകരെ വെടിവച്ചുകൊന്നശേഷം ബിഎസ്എഫ് ജവാൻ ജീവനൊടുക്കി. ഹെഡ് കോൺസ്റ്റബിൾ ബിജോയ് കുമാർ, പൊലീസുകാരായ റിങ്കു കുമാർ, രാകേഷ് കുമാർ യാദവ് എന്നിവരാണു കൊല്ലപ്പെട്ടത്. കോൺസ്റ്റബിൾ ശിശുപാൽ സ്വയം വെടിവച്ചുമരിച്ചു. ത്രിപുരയിലെ ഉനകോട്ടി ജില്ലയിൽ മഗുറുലി അതിർത്തി ഔട്ട് പോസ്റ്റിലാണു സംഭവം.
ജോലിസമയത്തിനുശേഷം സർവീസ് റൈഫിൾ തിരിച്ചേൽപിക്കാനെത്തിയ ശിശുപാൽ പൊടുന്നനെ ബിജോയ് കുമാറിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനുശേഷം മറ്റു സഹപ്രവർത്തകരെയും ശിശുപാൽ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ റിങ്കു കുമാറും രാകേഷ് കുമാറും ആശുപത്രിയിൽ മരിച്ചു. ശിശുപാലും ബിജോയ് കുമാറും റിങ്കു കുമാറും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. യാദവിന്റെ സ്വദേശം ഉത്തർപ്രദേശ് ആണ്.