ന്യൂഡൽഹി ∙ ബൈക്കിന്റെ സീറ്റിൽ കുത്തിനിർത്തിയ 16.5 അടി ഉയരമുള്ള ഇരുമ്പുഗോവണി. അതിനുമുകളിൽ നിന്ന് ബൈക്കോടിച്ച് ഇന്ത്യയുടെ അതിർത്തി സംരക്ഷണ സേനയായ ബിഎസ്എഫ് ഭടൻമാർ നേടിയതു ലോകറെക്കോർഡ്. ഇരുമ്പുഗോവണിക്കു മുകളിൽനിന്നു തുടർച്ചയായി 10 മണിക്കൂറും 34 മിനിറ്റും 27 സെക്കൻഡും നിർത്താതെ വാഹനമോടിച്ചതിനാണ് രണ്ടു ബിഎസ്എഫ് ജവാൻമാർ ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയത്.
ബിഎസ്എഫിന്റെ ബൈക്ക് സ്റ്റണ്ടിങ് വിഭാഗമായ ജൻബാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിലെ ചാവ്‌ല ബിഎസ്എഫ് ക്യാംപിലായിരുന്നു അഭ്യാസപ്രകടനം. ഇൻസ്പെക്ടർ അവ്‌ദേശ് കുമാർ, ഹെഡ് കോൺസ്റ്റബിൾ ദുർവേഷ് കുമാർ എന്നിവരാണ് രണ്ടു 350 സിസി എൻഫീൽഡ് ബുള്ളറ്റുകളിൽ ഒരേസമയം വിസ്മയകരമായ പ്രകടനം കാഴ്ചവച്ചത്. ഇന്ത്യൻ കരസേനയുടെ പേരിലുണ്ടായിരുന്ന, ഒൻപതു മണിക്കൂർ നാലുമിനിറ്റ് അഞ്ചു സെക്കൻഡിന്റെ റെക്കോർഡാണ് ഇവർ പഴങ്കഥയാക്കിയത്.