ന്യൂഡൽഹി ∙ 2 ജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ടെലികോം മന്ത്രി എ.രാജ, രാജ്യസഭാംഗം കനിമൊഴി എന്നിവരുൾപ്പെടെ 19 പേരെ വിട്ടയച്ച സിബിഐ കോടതി ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകി.
സ്വാൻ ടെലികോം എന്ന കമ്പനി കലൈഞ്ജർ ടിവിക്ക് 200 കോടി രൂപ നൽകിയെന്നായിരുന്നു എൻഫോഴ്സ്മെന്റ് കുറ്റപത്രത്തിലെ ആരോപണം. കഴിഞ്ഞ ഡിസംബർ 21ന് ആണു വിചാരണക്കോടതി പ്രതികളെ വിട്ടത്. സിബിഐ റജിസ്റ്റർ ചെയ്ത അഴിമതിക്കേസിലും രാജയും കനിമൊഴിയുമുൾപ്പെടെ 17 പ്രതികളെ വെറുതെവിട്ടിരുന്നു. അഴിമതിയും ഗൂഢാലോചനയും തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടെന്നാണു വിചാരണക്കോടതി വിലയിരുത്തിയത്.