Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമസ്കാരം പൊതുസ്ഥലത്ത് വേണ്ട: ഹരിയാന മുഖ്യമന്ത്രി

Manohar Lal Khattar

ന്യൂഡൽഹി ∙ വെള്ളിയാഴ്ച നമസ്കാരം പൊതുസ്ഥലത്തു നടത്തരുതെന്നു ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ. മസ്‌ജിദുകൾ, ഈദ്ഗാഹുകൾ, സ്വകാര്യസ്ഥലങ്ങൾ എന്നിവിടങ്ങളിലാണു നമസ്കാരം നടത്തേണ്ടത്. എന്നാൽ, ഇതിന്റെ പേരിൽ നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാഴ്ചയ്ക്കിടെ ഗുരുഗ്രാമിൽ പലയിടത്തും പൊതുസ്ഥലത്തെ നമസ്കാരം തടയാൻ സംഘടിതശ്രമമുണ്ടായതിന്റെ പശ്ചാത്തലത്തിലാണു ബിജെപി മുഖ്യമന്ത്രിയുടെ പ്രതികരണം. നമസ്കാരത്തിന്റെ മറവിൽ പൊതുസ്ഥലങ്ങൾ കയ്യേറുന്നെന്നാരോപിച്ചു തീവ്രഹിന്ദുത്വ സംഘടനകളാണു പ്രതിഷേധവുമായി രംഗത്തുള്ളത്.

ഗുരുഗ്രാമിലെ വസീറാബാദ്, അതുൽ കഠാരിയ ചൗക്ക്, സൈബർ പാർക്ക്, ബക്തവാർ ചൗക്ക്, സൗത്ത് സിറ്റി എന്നിവിടങ്ങളിലാണു പള്ളിയിൽനിന്നു പുറത്തേക്കു നീണ്ട ജുമുഅ നമസ്കാരം തടയാൻ കഴിഞ്ഞ വെള്ളിയാഴ്ച ശ്രമമുണ്ടായത്. അനധികൃതമായി നമസ്കാരം നടത്തുന്നതു സർക്കാർ തടയുംവരെ പ്രതിഷേധം തുടരുമെന്നും സംഘടനകൾ വ്യക്തമാക്കി. വിശ്വഹിന്ദു പരിഷത്, ബജ്റങ് ദൾ, ഹിന്ദു ക്രാന്തി ദൾ, ശിവസേന തുടങ്ങിയ സംഘടനകളാണു പ്രതിഷേധത്തിനു പിന്നിലെന്നാണു പൊലീസ് പറയുന്നത്.