ചണ്ഡിഗഡ് ∙ നമസ്കരിക്കുന്നവരെ തടയാൻ താൻ പറഞ്ഞിട്ടില്ലെന്നു ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ക്രമസമാധാന പരിപാലനം പൊലീസിന്റെയും അധികൃതരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച നമസ്കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ മാത്രം മതിയെന്നും പൊതുസ്ഥലത്തു പാടില്ലെന്നുമുള്ള തന്റെ കഴിഞ്ഞദിവസത്തെ പ്രസ്താവന വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്നാൽ, സ്ഥലം കയ്യേറാനായി ചിലർ പൊതുസ്ഥലത്തു നമസ്കരിക്കുന്നുണ്ടെന്നും ഇത് അനുവദിക്കാനാവില്ലെന്നും ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഗുരുഗ്രാമിൽ ആറുസ്ഥലത്ത് തീവ്ര ഹിന്ദുത്വ സംഘടനകൾ പള്ളിയിൽനിന്നു പുറത്തേക്കു നീണ്ട ജുമുഅ നമസ്കാരം തടഞ്ഞതു വിവാദമായിരുന്നു. പ്രാർഥന സമാധാനമാണു പ്രോൽസാഹിപ്പിക്കുന്നതെന്നും സംഘർഷം അനുവദിക്കില്ലെന്നും കേന്ദ്ര ന്യൂനപക്ഷമന്ത്രി മുക്‌താർ അബ്ബാസ് നഖ്‌വി ഡൽഹിയിൽ പറഞ്ഞു.