ഇന്ത്യൻ കരുത്തിന് അഗ്നി പകരാൻ...

ന്യൂഡൽഹി∙ ചൈനയെയും യൂറോപ്പിലെ ചില മേഖലയെയും ലക്ഷ്യമിടാൻ കരുത്തുള്ള 5000 കിലോമീറ്റർ ദൂരപരിധിയുള്ള ആണവസജ്ജമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ‘അഗ്നി 5’ വൈകാതെ സേനയുടെ ഭാഗമാകും. ആണവായുധങ്ങൾ കൈകാര്യം ചെയ്യുന്ന സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ (എസ്എഫ്സി) ഭാഗമാകുന്നതിനു മുന്നോടിയായുള്ള അന്തിമ മിസൈൽ പരീക്ഷണം താമസിയാതെ നടക്കും.

കേന്ദ്ര പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) നിർമിക്കുന്ന മിസൈലിന്റെ വിവിധ ഘട്ട പരീക്ഷണങ്ങൾ 2012 ഏപ്രിൽ മുതൽ പുരോഗമിക്കുകയാണ്. ഏറ്റവുമൊടുവിൽ ജനുവരി 18നു നടന്ന പരീക്ഷണം പൂർണ വിജയമായിരുന്നു. ആണവസജ്ജമായ രണ്ട് അയൽ രാജ്യങ്ങളിൽനിന്നുള്ള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അഗ്നി അഞ്ച് സേനയുടെ ഭാഗമാകുന്നത് ഇന്ത്യയ്ക്കു കരുത്തു പകരും.