ന്യൂയോർക്ക് ∙ ഇന്ത്യയിലെ പ്രമുഖ കമ്പനിയായ ടാറ്റ സൺസ് ഹാർവഡ് ബിസിനസ് സ്കൂളിന് അഞ്ചുകോടി ഡോളർ (340 കോടി രൂപ) സമ്മാനിച്ചതായി ഒരു യുഎസ് വെബ്സൈറ്റിൽ വന്ന വാർത്ത തെറ്റും കമ്പനിയെ ആക്ഷേപിക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്നു ടാറ്റ ഗ്രൂപ്പ്. തെറ്റായ വാർത്ത നൽകിയതിൽ മാപ്പുപറയണമെന്നു കമ്പനി ആവശ്യപ്പെട്ടു.
വെബ്സൈറ്റ് ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ അവാസ്തവവും അബദ്ധവുമാണെന്നും കമ്പനിയെയും ചെയർമാൻ ഇമെരിറ്റസ് രത്തൻ ടാറ്റയെയും അപമാനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ടാറ്റ ഗ്രൂപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. 2010ൽ ടാറ്റ ഗ്രൂപ്പ് കമ്പനികളും രണ്ടു ട്രസ്റ്റുകളും ചേർന്നു ഹാർവഡ് ബിസിനസ് സ്കൂളിന് അഞ്ചുകോടി ഡോളർ സംഭാവന നൽകിയതും ഹാർവഡിൽ ടാറ്റ ഹാൾ നിർമിച്ചതുമാണു ലേഖനത്തിൽ പറയുന്നത്.