ലക്നൗ∙ മുഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് ഔദ്യോഗിക രേഖകളിൽ ഇനി ദീൻദയാൽ ഉപാധ്യായ നഗർ ജംക്‌ഷൻ എന്നാവും. ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തിനു ഗവർണർ റാം നായിക്കിന്റെ അനുമതി ലഭിച്ചതോടെ ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നു.
കഴിഞ്ഞ വർഷം ജൂണിൽ യോഗി ആദിത്യനാഥ് സർക്കാർ പേരുമാറ്റാൻ തീരുമാനിച്ചു റെയിൽവേ മന്ത്രാലയത്തെ അറിയിച്ചിരുന്നു. അനുമതി കിട്ടിയശേഷമാണു ഗവർണറുടെ അംഗീകാരത്തിനു വിട്ടത്. 1968ൽ മുഗൾസരായ് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ മരിച്ചനിലയിൽ കാണപ്പെട്ട ബിജെപി താത്വികാചാര്യൻ ദീൻദയാൽ ഉപാധ്യയയുടെ സ്മരണ നിലനിർത്തുന്നതിനാണു പേരുമാറ്റം.
ചന്ദോലി ജില്ലയിലെ ഈ ചെറുപട്ടണം വാരാണസിയിൽനിന്ന് 20 കിലോമീറ്റർ അകലെയാണ്. മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മസ്ഥലംകൂടിയാണു മുഗൾസരായ്. പേരുമാറ്റ തീരുമാനത്തെ സമാജ്‍വാദി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ ശക്തമായി എതിർത്തിരുന്നു.