വാഷിങ്ടൻ ∙ തെലുങ്ക് സിനിമാനടിമാരെ ഉപയോഗിച്ച് യുഎസിൽ ‘പഞ്ചനക്ഷത്ര പെൺവാണിഭം’ നടത്തിയ ഇന്ത്യൻ വംശജരായ ദമ്പതികൾ ജയിലിൽ. ഏതാനും ഹിറ്റ് സിനിമകളുടെ സഹനിർമാതാവായ ബിസിനസുകാരൻ കിഷൻ മൊദുഗുമുടി (34), ഭാര്യ ചന്ദ്ര (31) എന്നിവർ ഏപ്രിൽ ഒടുവിലാണ് അറസ്റ്റിലായത്.
ഇന്ത്യക്കാരുടെ സമ്മേളനങ്ങളിലും സാംസ്കാരിക പരിപാടികളിലും നടിമാരെ ക്ഷണിച്ചുവരുത്തിയായിരുന്നു ഇവർ പെൺവാണിഭത്തിനു രംഗമൊരുക്കിയത്. ഡാലസ്, ന്യൂജഴ്സി, വാഷിങ്ടൻ എന്നിവിടങ്ങളിലെല്ലാം ഇടപാടുകാരെ കണ്ടെത്തിയിരുന്ന ഇവർ, ലൈംഗിക കച്ചവടത്തിന്റെ വിശദമായ കണക്കുകളാണ് തയാറാക്കിയിരുന്നത്. പൊലീസ് അവ പിടിച്ചെടുത്തിട്ടുണ്ട്. വിവരം പുറത്തുവിടാതിരിക്കാൻ നടിമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഷിക്കാഗോ കോടതിയിൽ ഇരുവർക്കുമെതിരെ പൊലീസ് കുറ്റപത്രം നൽകി. ജാമ്യത്തിലിറങ്ങിയാൽ താമസിക്കാനായി വീടു തേടിയെങ്കിലും ഇതുവരെ ലഭിച്ചില്ലെന്ന് കിഷന്റെ അഭിഭാഷക മോളി ആമർ കോടതിയെ അറിയിച്ചു. പ്രതികളെ തൽക്കാലം ജയിലിൽ തന്നെ താമസിപ്പിക്കാൻ കോടതി നിർദേശിച്ചു. ഇവരുടെ സ്കൂൾ വിദ്യാർഥികളായ രണ്ടു മക്കളും സാമൂഹികക്ഷേമ വകുപ്പിന്റെ സംരക്ഷണയിലാണ്. ജയിൽവേഷത്തിലായിരുന്നു ഇവരെ കോടതിയിൽ കൊണ്ടുവന്നത്.