ഹൈദരാബാദ് ∙ തെലുങ്ക്– കന്നട സിനിമാ നടികളെ ഉപയോഗിച്ച് അമേരിക്കയിൽ പെൺവാണിഭം നടത്തിയിരുന്ന സംഘം പിടിയിൽ. ഷിക്കാഗോയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ ദമ്പതികളായ കിഷൻ മൊഡുഗുമുടി, ചന്ദ്രകല പൂർണിമ എന്നിവരാണ് യുഎസിലെ ഹോംലാൻഡ് സെക്യൂരിറ്റി ഏജൻസി(എച്ച്എസ്എ)യുടെ പിടിയിലായത്.
മുൻപ് തെലുങ്ക് സിനിമയിൽ പ്രൊഡക്‌ഷൻ കൺട്രോളർമാരായി പ്രവർത്തിച്ചിട്ടുള്ള ഇവർ അനധികൃതമായാണ് യുഎസിൽ താമസിച്ചിരുന്നത്. കോൺഫറൻസുകളിലും മറ്റും പങ്കെടുക്കാനെന്ന വ്യാജേന നടിമാരെയും ജൂനിയർ ആർടിസ്റ്റുകളെയും അമേരിക്കയിലെത്തിച്ച് ആവശ്യക്കാർക്കു നൽകുകയായിരുന്നു പതിവ്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഷിക്കാഗോയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന റെയ്ഡിലാണു സംഘം പിടിയിലായത്. പിടിലാകുമ്പോൾ അഞ്ചു നടികൾ സംഘത്തിലുണ്ടായിരുന്നുവെന്നാണു വിവരം. ഇവർ യുഎസിൽ എത്തിയതിന്റെ വിമാന ടിക്കറ്റുകൾ, വിവിധ രേഖകൾ, ക്രെഡിറ്റ് കാർഡുകൾ, ഗർഭ നിരോധന ഉറകൾ തുടങ്ങിയവയും കണ്ടെടുത്തുവെന്ന് അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
സംഘത്തിൽ ഉൾപ്പെട്ടവർക്ക് വീസ അപേക്ഷിച്ചു കൊണ്ടുള്ള അമേരിക്കയിലെ തെലുങ്ക് സംഘടനയായ അമേരിക്കൽ തെലുങ്ക് അസോസിയേഷന്റെ കത്തും കണ്ടെത്തിയിട്ടുണ്ട്. ബി1–ബി2 വിസയിലാണ് നടികൾ യുഎസിൽ എത്തിയിരിക്കുന്നത്.