Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബ കോടതി പരിസരങ്ങളിൽ പെൺവാണിഭ സംഘം

image

കൊച്ചി∙ വിവാഹമോചന കേസുകളിൽ അകപ്പെട്ട യുവതികളെ കെണിയിൽ വീഴ്ത്താനുള്ള പെൺവാണിഭ റാക്കറ്റിന്റെ നീക്കം ശ്രദ്ധയിൽപെട്ടതിനെ തുടർന്നു സംസ്ഥാനത്തെ കുടുംബ കോടതി പരിസരങ്ങളിൽ പൊലീസിന്റെ രഹസ്യ നിരീക്ഷണം ശക്തമാക്കി.

എറണാകുളം കുടുംബ കോടതി പരിസരത്തു കണ്ടെത്തിയ പെൺവാണിഭക്കേസ് പ്രതിയെ പൊലീസ് താക്കീതു ചെയ്തു. ഇയാൾ വശത്താക്കാൻ ശ്രമിച്ച യുവതി രേഖാമൂലം പരാതി നൽകാൻ തയാറാവാതിരുന്നതിനാൽ അറസ്റ്റ് ഒഴിവായി. പറവൂർ, വരാപ്പുഴ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത പെൺവാണിഭ കേസുകളിൽ അടക്കം എട്ടു കേസുകളിലെ മുഖ്യപ്രതിയായ ഇടനിലക്കാരനാണു കുടുംബ കോടതി പരിസരത്തു തമ്പടിച്ചു യുവതികളെ കെണിയിലാക്കാൻ ശ്രമിച്ചത്. കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും സമാന സംഭവങ്ങൾ ശ്രദ്ധയിൽപെട്ടതോടെയാണു സംസ്ഥാനത്തെ മുഴുവൻ കുടുംബ കോടതി പരിസരങ്ങളും നിരീക്ഷിക്കാൻ സ്പെഷൽ ബ്രാഞ്ചിനു നിർദേശം ലഭിച്ചത്.

അസാന്മാർഗിക പ്രവർത്തനങ്ങൾ തടയാൻ കഴിഞ്ഞവർഷം പൊലീസ് നടത്തിയ പരിശോധനകളിൽ സംസ്ഥാനത്തു പിടിക്കപ്പെട്ട ഇരുപതിലധികം യുവതികളും നാൽപതോളം യുവാക്കളും കുടുബ കോടതി കേസുകളിൽ കക്ഷികളായിരുന്നു. രണ്ടുമാസം മുൻപു തൃശൂരിൽ പൊലീസ് റെയ്ഡിൽ പിടിക്കപ്പെട്ട എറണാകുളം സ്വദേശികളായ രണ്ടു യുവതികൾ പെൺവാണിഭ സംഘം അവരെ കെണിയിലാക്കിയതാണെന്നു മൊഴിനൽകിയിരുന്നു. വിവാഹമോചനക്കേസ് നടത്താനുള്ള നിയമസഹായം വാഗ്ദാനം ചെയ്താണ് ഇവരുമായി അടുത്തതെന്നും പിന്നീടാണു സൗഹൃദം വഴിവിട്ടതെന്നും യുവതികൾ വെളിപ്പെടുത്തിയിരുന്നു. 

കെണി ഒരുക്കുന്ന വഴികൾ

∙ സൗഹൃദം സ്ഥാപിക്കാൻ റാക്കറ്റ് നിയോഗിക്കുന്നതു പ്രായത്തിൽ മുതിർന്ന ഏജന്റുമാരെ. 

∙ ആശ്വാസവാക്കുകളും സഹായ വാഗ്ദാനങ്ങളുമായാണ് ഇവരെത്തുന്നത്. 

∙ സ്വന്തം മക്കളുടെ വിവാഹമോചനക്കേസിന്റെ ആവശ്യത്തിനു കോടതിയിലെത്തുന്നതായാണു നാട്യം. 

∙ ഒന്നോ രണ്ടോ തവണ പരിചയപ്പെട്ടശേഷം ഫോൺ നമ്പർ കൈമാറും. 

∙ കേസിൽ അവരുടെ പക്ഷം പിടിച്ച് ആത്മബന്ധം സ്ഥാപിക്കും. നിയമസഹായവും സാമ്പത്തിക പിന്തുണയും വാഗ്ദാനം ചെയ്യും.