അഹമ്മദാബാദ് ∙ രണ്ടരക്കൊല്ലത്തിലൊരിക്കൽ തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷ സ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് അഞ്ചു ജില്ലാ പഞ്ചായത്തുകൾ ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ ചാക്കിടൽ പേടിച്ചു ജനപ്രതിനിധികളെ രാജസ്ഥാനിലെ റിസോർട്ടുകളിൽ ഒളിപ്പിച്ചിട്ടും കോൺഗ്രസ് പഞ്ചായത്തംഗങ്ങളിൽ പലരും മറുകണ്ടം ചാടിയതിനെ തുടർന്നാണിത്.
2015ൽ ജില്ലാ പഞ്ചായത്തുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ മുപ്പത്തിയൊന്നിൽ ഇരുപത്തിമൂന്നിലും കോൺഗ്രസ് ഭരണം പിടിച്ചെടുത്തിരുന്നു. എന്നാൽ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള അർധകാല തിരഞ്ഞെടുപ്പിൽ അഹമ്മദാബാദ്, പട്ടാൻ, ഭാവ്നഗർ, മഹിസാഗർ, ദാഹോഡ് ജില്ലാ പഞ്ചായത്തുകൾ കോൺഗ്രസിനു നഷ്ടമായി. പണക്കരുത്തും കൈക്കരുത്തും കൊണ്ടു തങ്ങളുടെ ജനപ്രതിനിധികളെ ബിജെപി റാഞ്ചിയതാണെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി. എന്നാൽ കോൺഗ്രസിലെ ഉൾപ്പോരു കാരണമാണു ഭരണം നഷ്ടമായതെന്നു ബിജെപി ആരോപിച്ചു.