അഹമ്മദാബാദ്∙ വോട്ടിങ് യന്ത്രത്തിൽ ബട്ടൺ അമർത്തുന്നതിന്റെ പടമെടുത്തു വാട്സാപ്പിൽ പ്രചരിപ്പിച്ചു ബിജെപി പ്രവർത്തകൻ. ജസ്ദാൻ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയും മന്ത്രിയുമായ കുംവർജി ബവാലിയയ്ക്കു വോട്ടു ചെയ്യുന്ന ചിത്രമാണു ബിജെപി പ്രവർത്തകൻ സ്വയം പകർത്തിയത്.
‘ജസ്ദാൻ ബിജെപി’ എന്ന വാട്സാപ് ഗ്രൂപ്പിൽ, ‘ബവാലിയയ്ക്കു വോട്ട് ചെയ്തു വൻ ഭൂരിപക്ഷത്തിൽ ജയിപ്പിക്കുക’ എന്ന ആഹ്വാനത്തോടെയാണു ചിത്രം പോസ്റ്റ് ചെയ്തത്. പ്രചാരണം വൈറലായതിനെത്തുടർന്നു സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ മുരളി കൃഷ്ണ വരണാധികാരിയോടു വിശദീകരണം തേടി. മൊബൈലടക്കം ഒരു തരത്തിലുമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ബൂത്തിനകത്ത് അനുവദനീയമല്ലെന്നിരിക്കെ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ച വന്നതായാണു കമ്മിഷന്റെ വിലയിരുത്തൽ.
ചിത്രം പ്രചരിപ്പിച്ച ബിജെപി പ്രവർത്തകന് എതിരെ നടപടിയെടുക്കും. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ബവാലിയ പാർട്ടി വിട്ടു ബിജെപിയിൽ ചേരുകയും എംഎൽഎ സ്ഥാനം രാജിവയ്ക്കുകയും ചെയ്തതോടെയാണ് ഉപതിരഞ്ഞെടുപ്പുവേണ്ടി വന്നത്. ഞായറാഴ്ചയാണ് വോട്ടെണ്ണൽ.