ന്യൂഡൽഹി∙ രാജ്യത്തെ മെട്രോ റെയിൽ സംവിധാനത്തിന് ഏകീകൃത ഗുണനിലവാര മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന് ഇ.ശ്രീധരന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കും. ഇതുസംബന്ധിച്ച നിർദേശത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകി. ‘മെട്രോ മാൻ’ എന്നറിയപ്പെടുന്ന ഇ.ശ്രീധരൻ കൊൽക്കത്ത, ഡൽഹി, കൊച്ചി ഉൾപ്പെടെ വിവിധ മെട്രോ റെയിൽ പദ്ധതികളുടെ നടത്തിപ്പിനു നേതൃത്വം നൽകിയിട്ടുണ്ട്.
ഡൽഹി മെട്രോയുടെ മുണ്ട്ക- ബഹദൂർഗഡ് പാത ഇന്നലെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് മെട്രോ റെയിൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായത്. ചെലവുകുറഞ്ഞതും ഗുണനിലവാരവുമുള്ള ഗതാഗത സംവിധാനമായി മെട്രോ റെയിൽ വികസിച്ചതു കണക്കിലെടുത്താണ് ഇതിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനും സംവിധാനം വരുന്നത്.