മുംബൈ∙ തങ്ങളെ സംരക്ഷിക്കുന്നില്ലെന്നു തോന്നിയാൽ, മക്കൾക്കു നൽകിയ സ്വത്ത് മാതാപിതാക്കൾക്കു തിരികെ എടുക്കാമെന്ന് ബോംബെ ഹൈക്കോടതി വിധി. അന്ധേരി സ്വദേശിയായ മുതിർന്ന പൗരൻ തന്റെ ഫ്ലാറ്റിന്റെ 50 ശതമാനം ഉടമസ്ഥാവകാശം മകനു നൽകിയതു തിരിച്ചെടുത്തിരുന്നു. ഇതിനെതിരെ മകൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.
2014ൽ ഭാര്യ മരിച്ചശേഷം രണ്ടാമതു വിവാഹം കഴിച്ചപ്പോഴാണു മകനും മരുമകളും ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ടത്. സമാധാനത്തോടെ ഒരുമിച്ചു കഴിയാനായി ഫ്ലാറ്റിന്റെ 50 % ഉടമസ്ഥാവകാശം 2014 മേയിൽ മകനു കൈമാറി. തൊട്ടുപിന്നാലെ മകനും മരുമകളും കലഹം തുടങ്ങി. നിവൃത്തിയില്ലാതെ ഇദ്ദേഹവും ഭാര്യയും അന്ധേരിയിലെ വീടൊഴിഞ്ഞു. തുടർന്നു മുതിർന്ന പൗരൻമാരുടെ സംരക്ഷണ ട്രൈബ്യൂണലിനെ സമീപിച്ചപ്പോൾ ഫ്ലാറ്റിന്റെ 50% ഓഹരി പങ്കാളിത്തം മകനു നൽകിയതു റദ്ദാക്കി ട്രൈബ്യൂണൽ ഉത്തരവിറക്കി.
ഇതിനെതിരെയാണ് മകൻ ഹൈക്കോടതിയിലെത്തിയത്. ട്രൈബ്യൂണൽ വിധി ശരിവച്ച ഹൈക്കോടതി മുതിർന്ന പൗരൻമാരുടെ സംരക്ഷണാർഥമുള്ള 2007 ലെ നിയമത്തിന്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു. മാതാപിതാക്കളോ, മുതിർന്ന പൗരൻമാരോ സ്വന്തം സ്വത്തുക്കൾ കൈമാറിയാലും അതു ലഭിച്ചവർ പിന്നീട് അവഗണിച്ചാൽ സ്വത്ത് തിരികെ പിടിക്കാൻ അവകാശം നൽകുന്നതാണു 2007ലെ നിയമം.