ചെന്നൈ ∙ ഇരുൾ മൂടിയ രാവിനൊടുവിൽ മറീന കടലോരത്തു സൂര്യോദയം. കലൈജ്ഞർ സ്മൃതികളിൽ പൊള്ളിപ്പിടഞ്ഞ് ആ സമാധിക്കു ചുറ്റും തമിഴ് മക്കൾ. കലൈജ്ഞർക്കു വിട നൽകാൻ പലയിടത്തു നിന്നൊഴുകിയെത്തിയ മഹാപ്രവാഹം വന്നയിടങ്ങളിലേക്കുള്ള മടക്കത്തിലാണ്. അതിനു മുൻപ്, ഒരുവട്ടം കൂടി തലൈവരെ വണങ്ങാനായി മറീനയിലെ സമാധി മണ്ഡപത്തിലേക്ക്.
രാവിലെ എട്ടാകുന്നതേയുള്ളൂ. കടൽക്കര പൊള്ളിത്തുടങ്ങി. അണ്ണാ സമാധിയുടെ (ഇപ്പോൾ കരുണാനിധിയുടെയും) മുന്നിൽ പൂക്കച്ചവടം തകൃതി. കലൈജ്ഞർ സമാധിയിലേക്ക് ആളൊഴുക്ക്. പ്രാദേശിക നേതാക്കൾ പൂക്കൾ വാങ്ങി അകത്തേക്ക്. അണ്ണാദുരൈയുടെ സമാധിക്കു തൊട്ടുപിന്നിൽ കലൈജ്ഞർ സമാധി. കല്ലറയ്ക്കു മുകളിൽ കോൺക്രീറ്റ് സ്ലാബ്. ചുറ്റും ബാരിക്കേഡുകൾ നിരത്തി പൊലീസ്. കല്ലറയുടെ മുകൾഭാഗത്തു കലൈജ്ഞരുടെ ചിത്രം. ഓർമകൾ പങ്കിട്ട് ചെറിയ ആൾക്കൂട്ടം.
സമയം രാവിലെ 9.40. ബുധനാഴ്ച പുലർച്ചെ മുതൽ വൈകിട്ടു വരെ കരുണാനിധിയെ കാണാൻ ആയിരങ്ങൾ തിങ്ങിനിറഞ്ഞ രാജാജി ഹാളിന്റെ വിശാലമായ വളപ്പ് ഏറക്കുറെ ശൂന്യം, ശാന്തം. കലൈജ്ഞരുടെ ശവമഞ്ചം വച്ചിരുന്ന സ്ഥാനത്ത് അദ്ദേഹത്തിന്റെ ചിത്രം. മുന്നിൽ പൂച്ചെണ്ടുകൾ. കഴിഞ്ഞ ദിവസം വിരിച്ച പരവതാനികൾ നീക്കിത്തുടങ്ങി. ഗോപാലപുരം നാലാം തെരുവിലെ അൻജുഗമെന്ന വസതിയിലാണ് അരനൂറ്റാണ്ടിലേറെ കലൈജ്ഞർ ജീവിച്ചത്.