ലണ്ടൻ∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്ന അടുത്ത സഹായിയായ പാക്ക് പൗരൻ ജാബിർ സിദ്ദിഖ് എന്ന ജാബിർ മോട്ടി (51) അറസ്റ്റിൽ. ലഹരിമരുന്നുകടത്തുമായി ബന്ധപ്പെട്ട കേസിലാണു പിടിയിലായതെന്നു കരുതുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യുകെ,യുഎഇ അടക്കം ലോകമാകെ ദാവൂദിന്റെ സ്വത്തുക്കൾ ഫിനാൻസ് മാനേജർ എന്ന നിലയിൽ കൈകാര്യം ചെയ്തിരുന്നത് ഇയാളാണ്.
1993ലെ മുംബൈ സ്ഫോടനപരമ്പരയുടെ സൂത്രധാരനായ ദാവൂദിനെ പിടികിട്ടാപ്പുള്ളിയായി ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുകെ സർക്കാരിന്റെ കരിമ്പട്ടികയിൽ പാക്കിസ്ഥാനിൽ ദാവൂദിന്റെ പേരിലുള്ള മൂന്നു വസതികളുടെയും വിലാസങ്ങൾ നൽകിയിട്ടുണ്ട്. യുകെയിൽ സാമ്പത്തിക ഉപരോധമുള്ള ഏക ഇന്ത്യക്കാരനാണ് ദാവൂദ്. ഇതിനിടെ, ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയും മുംബൈ സ്ഫോടനപരമ്പരക്കേസിലെ 196–ാമത്തെ പ്രതിയുമായ ഫാറുഖ് തക്‌ല 2011ൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽനിന്ന് മുഷ്‌താഖ് മുഹമ്മദ് മിയാൻ എന്ന പേരിലാണ് പാസ്പോർട്ട് സംഘടിപ്പിച്ചതെന്നു സിബിഐ പറഞ്ഞു.
മുംബൈയിലെ ടാഡ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. മുംബൈ സ്ഫോടനപരമ്പരയ്ക്കുശേഷം ദുബായിലേക്കു കടന്ന ഇയാൾ കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായപ്പോൾ കൈവശം മുഷ്‌താഖ് മുഹമ്മദ് മിയാൻ എന്ന പേരിലുള്ള ഇന്ത്യൻ പാസ്പോർട്ടായിരുന്നു. 1995ൽ തക്‌ലയ്ക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 1993 മാർച്ചിൽ മുംബൈയിൽ 257 മരണത്തിനിടയാക്കിയ സ്ഫോടനപരമ്പരയുടെ ഗൂഢാലോചനയിൽ മുഖ്യപങ്കാളിയാണു തക്‌ല. പാക്കിസ്ഥാനിൽ പരിശീലനത്തിനായി അഞ്ചു പ്രതികൾക്ക് വിമാന ടിക്കറ്റും താമസ സൗകര്യവും ഏർപ്പെടുത്തിക്കൊടുത്തതും നിർദേശങ്ങൾ നൽകിയതും ഇയാളായിരുന്നു.