മുംബൈ ∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള കെട്ടിടം അടുത്ത മാസം ഒൻപതിനു ലേലം ചെയ്യും. ദക്ഷിണ മുംബൈയിൽ ക്രഫോഡ് മാർക്കറ്റിനടുത്ത് ദാവൂദിന്റെ കുടുംബവീടുള്ള പക്മോഡിയ സ്ട്രീറ്റിലെ മാസുല്ല കെട്ടിടമാണു ലേലത്തിനു വയ്ക്കുന്നതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. 79.43 ലക്ഷം രൂപയാണ് അടിസ്ഥാന വില.
ലേലത്തിൽ പങ്കെടുക്കുന്നവർ ഓഗസ്റ്റ് ആറിനകം 25 ലക്ഷം രൂപ കെട്ടിവയ്ക്കണം. ദക്ഷിണ മുംബൈയിലെ വൈ.ബി. ചവാൻ ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും ലേലം. 1988ൽ സർക്കാർ സ്വത്തു കണ്ടുകെട്ടിയതിനെതിരെ ദാവൂദിന്റെ മാതാവ് ആമിന അസ്കറും സഹോദരി ഹസീന പാർക്കറും തുടങ്ങിയ നിയമ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ഏപ്രിൽ ഇരുപതിലെ സുപ്രീം കോടതി ഉത്തരവിനെത്തുടർന്നാണ് ധനമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ലേലം നടത്തുന്നത്.