ന്യൂഡൽഹി∙ കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് സുപ്രീംകോടതി. ദാവൂദിന്റെ സഹോദരി ഹസീന പാർക്കർ, മാതാവ് അമിന ബി കസ്കർ എന്നിവർ സമർപ്പിച്ച ഹർജികൾ തള്ളിയാണു കോടതി ഉത്തരവ്. ദാവൂദിന്റെ മുംബൈയിലുള്ള കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്ര സർക്കാരിനോടു സുപ്രീംകോടതി നിർദേശിച്ചു.
ദാവൂദിന്റെ സ്വത്തുക്കൾ പ്രധാനമായുള്ളതു മുംബൈയിലെ നാഗ്പദയിലാണ്. സഹോദരിയുടെയും മാതാവിന്റെയും കൈവശമാണിത്. രണ്ടുപേരും മരിച്ചു. 1988ൽ ഈ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുത്തിരുന്നു. സ്വത്ത് ഏറ്റെടുക്കുന്നതിന് എതിരെ മാതാവും സഹോദരിയും കോടതിയെ സമീപിച്ചു. ട്രൈബ്യൂണലും ഡൽഹി ഹൈക്കോടതിയും തള്ളിയതിനെ തുടർന്ന് ഇരുവരും സുപ്രീംകോടതിയിൽ ഹർജി നൽകി. തൽസ്ഥിതി തുടരാൻ 2012 നവംബറിൽ കോടതി ഉത്തരവിട്ടു.
വസ്തുവകകൾ പിടിച്ചെടുക്കാതിരിക്കാനുള്ള രേഖകൾ ഹാജരാക്കാൻ അമിനയോടും ഹസീനയോടും സർക്കാർ പല തവണ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. താമസയോഗ്യമായ ഏഴു വസ്തുവകകളാണുള്ളത്– അമിനയുടെ പേരിൽ രണ്ടും ഹസീനയുടെ പേരിൽ അഞ്ചും. കോടികൾ വിലമതിക്കുന്ന ഇവ ദാവൂദിന്റെ അനധികൃത സമ്പാദ്യംകൊണ്ടു സ്വന്തമാക്കിയതാണെന്നാണു സർക്കാർ പറയുന്നത്.
പാക്കിസ്ഥാനിലാണു ദാവൂദ് ഒളിവിൽ കഴിയുന്നത്. കറാച്ചിക്കു സമീപമുള്ള ഒരു ദ്വീപിൽ മുഴുവൻ സമയവും പാക്കിസ്ഥാൻ തീരസേനയുടെ കാവലിലാണു രഹസ്യസങ്കേതം. അത്യാവശ്യ ഘട്ടത്തിൽ മണിക്കൂറുകൾക്കകം കടൽ മാർഗം ദുബായിൽ എത്താൻ രക്ഷാമാർഗവുമുണ്ട്. ഇന്ത്യയിൽനിന്ന് ഉൾപ്പെടെ രാജ്യാന്തര സമ്മർദമുണ്ടായാൽ ദാവൂദിനെ ഉടൻ കറാച്ചി ദ്വീപിലെ രഹസ്യസങ്കേതത്തിലേക്കു മാറ്റാനും സംവിധാനമുണ്ട്.