പശ്ചിമഘട്ട സംരക്ഷണം: ഇഎസ്എ വിസ്തൃതി കുറയ്ക്കാനിടയില്ല

ന്യൂഡൽഹി∙ പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ പുതിയ കരട് വിജ്ഞാപനം ഉടനെയിറക്കുമെന്ന് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ 26 നു കാലാവധി തീർന്ന വിജ്ഞാപനം അതേപടി വീണ്ടും പ്രസിദ്ധീകരിക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) അനുമതി നൽകിയിരുന്നു. കരടിൽ മാറ്റമൊന്നുമില്ലാത്തതിനാൽ സംസ്ഥാനങ്ങളുമായി ഉടനെ ചർച്ച വേണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.

വിജ്ഞാപനത്തിന് ആറു മാസത്തിനുള്ളിൽ അന്തിമ രൂപം നൽകണമെന്നാണ് കഴിഞ്ഞയാഴ്ച എൻജിടി നിർദേശിച്ചത്. പരിസ്ഥിതി ലോല മേഖലകളുടെ (ഇഎസ്എ) വിസ്തൃതിയിൽ മാറ്റം വരുത്തുന്നതിനെ എൻജിടി അനുകൂലിക്കുന്നില്ല. എന്നാൽ, കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങൾ ഇഎസ്എ വിസ്തൃതി കുറയ്ക്കണമെന്ന് നേരത്തേതന്നെ ആവശ്യപ്പെടുന്നതാണ്. സംസ്ഥാനത്തെ ഇഎസ്എ 9,993.7 ചതുരശ്ര കിലോമീറ്ററെന്നത് 9107 ആക്കി കുറയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം, മഹാരാഷ്ട്രയ്ക്ക് 17,340 നെ 15,613 ആക്കണം, തമിഴ്നാടിന് 6914 നെ 6665.47 ആയി കുറയ്ക്കണം. മന്ത്രാലയത്തിന്റെ നടപടികളുമായി കർണാടക സഹകരിക്കുന്നില്ല.

ഇഎസ്എ പരിധി കുറയ്ക്കണമെന്ന ആവശ്യം എങ്ങനെ സാധ്യമാക്കുമെന്നതിൽ‍ അവ്യക്തതയുണ്ടെന്നു മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കേരളത്തിലെ പ്രളയവും ഉരുൾപൊട്ടലും വിഷയത്തിന്റെ സ്വഭാവമാകെ മാറ്റിയിരിക്കുന്നു. ഈ സ്ഥിതിയിൽ എൻജിടിയും ഉദാരസമീപനം സ്വീകരിക്കില്ലെന്നാണു വിലയിരുത്തൽ. കർണാടക സഹകരിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രശ്നം. ചില സംസ്ഥാനങ്ങൾക്കു മാത്രമായി വ്യവ്യസ്ഥകൾ നടപ്പാക്കാനാവില്ല. കരട് വീണ്ടും പ്രസിദ്ധപ്പെടുത്തിയശേഷം സംസ്ഥാനങ്ങളുടെ യോഗം വിളിക്കാനാണ് ഇപ്പോഴത്തെ ആലോചന.