ന്യൂഡൽഹി∙ കേരളത്തിലുണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരടുവിജ്ഞാപനത്തിൽ നിർദേശിച്ച പരിസ്ഥിതി ലോല മേഖലയുടെ (ഇഎസ്എ) വിസ്തൃതിയിൽ വനം പരിസ്ഥിതി മന്ത്രാലയം കുറവു വരുത്തുന്നതു ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) വിലക്കി. അന്തിമ വിജ്‍ഞാപനം ആറു മാസത്തിനകം തയാറാക്കണം.
ഇഎസ്എ മേഖലകളിൽ നേരത്തേ നിർദേശിച്ച നിരോധനങ്ങൾ തുടരും. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആശങ്കകളുടെ അടിസ്ഥാനത്തിലാണു വിദഗ്ധ സമിതിയെ നിയോഗിച്ചത്. എന്നാൽ ഗാഡ്ഗിൽ സമിതി നിർദേശിച്ച ഇഎസ്എ മേഖലകളിൽ കസ്തൂരിരംഗൻ സമിതി കുറവു വരുത്തി.
ഇഎസ്എയിൽ അന്തിമ നിലപാടെടുക്കുന്നതിൽ സംസ്ഥാനങ്ങളുടെ വിയോജിപ്പ് അഭികാമ്യമല്ല. നടപടി വേഗം പൂർത്തിയാക്കണം– ജസ്റ്റിസ് ആദർശ് കെ. ഗോയൽ അധ്യക്ഷനായ മുഖ്യ ബെഞ്ച് വ്യക്തമാക്കി.
കരടുവിജ്ഞാപനത്തിൽ നിർദേശിച്ച ഇഎസ്എയുടെ വിസ്തൃതിയിൽ കുറവു വരുത്തരുതെന്ന എൻജിടി നിർദേശം കേരളത്തിലുണ്ടായ പ്രളയം എടുത്തുപറഞ്ഞാണ്. കേരളത്തിൽ 13,108 ചതുരശ്ര കിലോമീറ്റർ ഇഎസ്എയെന്നാണ് കസ്തൂരിരംഗൻ സമിതി തിട്ടപ്പെടുത്തിയത്. എന്നാൽ, ഉമ്മൻ വി. ഉമ്മൻ സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചത് 9993.7 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്എ എന്നാണ്. ഇതു തത്വത്തിൽ അംഗീകരിച്ചാണു കേന്ദ്രം കരടുവിജ്ഞാപനമിറക്കിയത്.
അതിനുശേഷം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് ഇഎസ്എ വിസ്തൃതി 9107 ചതുരശ്ര കിലോമീറ്ററാക്കി കുറയ്ക്കണമെന്നാണ്. ഇക്കാര്യത്തിൽ കേന്ദ്രം അന്തിമ നിലപാട് പറഞ്ഞിട്ടില്ല.
ഗോവ ഫൗണ്ടേഷൻ കേസിൽ കഴിഞ്ഞ ദിവസത്തെ ഇടക്കാല ഉത്തരവിൽ എൻജിടി പറഞ്ഞ മറ്റു കാര്യങ്ങൾ:
∙ കഴിഞ്ഞ വർഷം ഫെബ്രുവരി 27നു മന്ത്രാലയം പുറത്തിറക്കിയ കരടുവിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞ 26ന് അവസാനിച്ചിരുന്നു. ഈ കരട് വീണ്ടും പ്രസിദ്ധീകരിക്കാൻ മന്ത്രാലയത്തിന് അനുമതി.
∙ കരടുവിജ്ഞാപനത്തിൽ നിർദേശിച്ച ഇഎസ്എ മേഖലകളിൽ മാറ്റം വരുത്തണമെങ്കിൽ അക്കാര്യം എൻജിടി പരിഗണിക്കണം.
∙ പുതിയ കരടുവിജ്ഞാപനം എൻജിടിക്കു ലഭ്യമാക്കണം.