ന്യൂഡൽഹി ∙പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം വീണ്ടും വിജ്ഞാപനം ചെയ്തു. ഇതു നാലാം തവണയാണ് കരട് വിജ്ഞാപനമിറക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 26ന് കാലാവധി തീർന്ന കരട് അതേപടി ആവർത്തിച്ചുള്ളതാണ് പുതിയ വിജ്ഞാപനം. വ്യവസ്ഥകളിൽ മാറ്റം വരുത്താൻ പാടില്ലെന്നും പരിസ്ഥിതി ലോല മേഖലയുടെ (ഇഎസ്എ) വിസ്തൃതിയിൽ കുറവു വരുത്തരുതെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) നിർദേശിച്ചിരുന്നു.
കേരളത്തിൽ 13,108 ചതുരശ്ര കിലോമീറ്റർ ഇഎസ്എയെന്ന് കസ്തൂരിരംഗൻ സമിതി തിട്ടപ്പെടുത്തി. ഉമ്മൻ വി. ഉമ്മൻ സമിതി നേരിട്ടു നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ, ഇഎസ്എ 9993.7 ചതുരശ്ര കിലോമീറ്ററെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. അത് തത്വത്തിൽ അംഗീകരിച്ചാണ് കേന്ദ്രം നേരത്തെ കരട് തയാറാക്കിയത്. എന്നാൽ, ഇഎസ്എയുടെ വിസ്തൃതി 9107 ചതുരശ്ര കിലോമീറ്ററാക്കി കുറയ്ക്കണമെന്നു കേരളം പിന്നീട് ആവശ്യപ്പെട്ടു. ഇതു കേന്ദ്രം അംഗീകരിച്ചിട്ടില്ല.
കരട് വിജ്‌ഞാപനത്തെക്കുറിച്ച് അഭിപ്രായമറിയിക്കാൻ 60 ദിവസം സമയമുണ്ട്. വിലാസം: സെക്രട്ടറി, വനം– പരിസ്‌ഥിതി, കാലാവസ്‌ഥാ വ്യതിയാന മന്ത്രാലയം, ഇന്ദിര പര്യാവരൺ ഭവൻ, സിജിഒ കോംപ്ലക്‌സ്, ജോർബാഗ് റോഡ്, അലിഗഞ്ച്, ന്യൂഡൽഹി – 110003. ഇമെയിൽ : esz-mef@nic.in