ഭരണഘടനാധിഷ്ഠിത സദാചാരം പാരമ്പര്യത്തിനും മുകളിൽ: സുപ്രീം കോടതി

ന്യൂഡൽഹി ∙ കാലഹരണപ്പെട്ടതും ഭരണഘടനാ മൂല്യങ്ങളുമായി ഒത്തുപോകാത്തതുമായ വ്യവസ്ഥകൾ സംരക്ഷിക്കേണ്ടതില്ലെന്നു സുപ്രീം കോടതി. സംസ്കാരത്തിനും പാരമ്പര്യത്തിനും മുകളിലാണു ഭരണഘടനാധിഷ്ഠിത സദാചാരമെന്നും 377ാം വകുപ്പിലെ ‘പ്രകൃതിവിരുദ്ധ’ ലൈംഗികബന്ധത്തെ കുറ്റകരമാക്കുന്ന വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ചുള്ള വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 14, 15, 19, 21 വകുപ്പുകളുടെ ലംഘനമാണു 377ാം വകുപ്പിൽനിന്നു തങ്ങൾ റദ്ദാക്കുന്ന വ്യവസ്ഥകളെന്നു കോടതി വിശദീകരിച്ചു. തുല്യത, വിവേചനമില്ലായ്മ, അഭിപ്രായസ്വാതന്ത്ര്യം, അന്തസ്സോടെയുള്ള ജീവിതം എന്നീ മൗലികാവകാശങ്ങൾ സംബന്ധിച്ചതാണ് ഈ വകുപ്പുകൾ. 

ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അഭിപ്രായത്തിനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണ്. ഭൂരിപക്ഷം പേരും ഈ സമീപനത്തെ അനുകൂലിക്കുന്നില്ലെന്നതു ഭരണഘടനാപരമായ കാഴ്ചപ്പാടല്ല. ഭരണഘടനയെ വാച്യാർഥത്തിലല്ല, പുരോഗമനപരമായും പ്രായോഗികമായും വ്യാഖ്യാനിക്കണം. 

മൗലികാവകാശങ്ങൾ നിഷേധിക്കുന്ന നിയമങ്ങൾ ഭൂരിപക്ഷ മേധാവിത്വമുള്ള സർക്കാർ മാറ്റുന്നതിനോ മാറ്റാതിരിക്കുന്നതിനോ കാത്തുനിൽക്കാൻ കോടതിക്കാവില്ല. ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന പ്രശ്നമാണെങ്കിൽപോലും മൗലികാവകാശ ലംഘനമാണെങ്കിൽ കോടതി ഇടപെടും – സുപ്രീം കോടതി വ്യക്തമാക്കി.