Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പള്ളികളില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കില്ല: മാർ ക്ലിമ്മീസ് ബാവ

Cardinal-Mar-Baselios-Cleemis-Catholica-Bava കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ.

ദുബായ്∙ ഭിന്നലിംഗക്കാരുടെ വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നെങ്കിലും പള്ളികളിൽ ഇവരുടെ വിവാഹം അനുവദനീയമല്ലെന്നു കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ. സഭയെ സംബന്ധിച്ച് വിവാഹം എന്നതു പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്. അതിനാൽ ഒരേ ലിംഗത്തിൽപെട്ടവരുടെ വിവാഹം അംഗീകരിക്കാനാവില്ലെന്നും കർദിനാൾ ദുബായിൽ മനോരമ ന്യൂസിനോട് പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കുമ്പോഴും ധാർമികതയെ പരിരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്. ഭിന്നലിംഗക്കാരെ സഭ മാറ്റിനിർത്തുന്നില്ലെന്നും വിവാഹം ഒഴികെ മറ്റു കൂദാശകൾ സ്വീകരിക്കാമെന്നും കർദിനാൾ വ്യക്തമാക്കി.

പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കാതോലിക്ക ബാവയുടെ പ്രതികരണം. സ്വവർഗ ലൈംഗികബന്ധം കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 377–ാം വകുപ്പിലെ വ്യവസ്ഥ കോടതി റദ്ദാക്കി. ഈ വകുപ്പ് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവും യുക്തിഹീനവുമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാബഞ്ച് വിധിച്ചു. അതേസമയം, പരസ്പര സമ്മതമില്ലാത്ത സ്വവര്‍ഗബന്ധവും പ്രകൃതിവിരുദ്ധ ലൈംഗികബന്ധങ്ങളും കുറ്റകരമായി തുടരും.