ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു ഫണ്ടിന്റെ കാര്യത്തിൽ ആം ആദ്മി പാർട്ടിക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി തിരഞ്ഞെടുപ്പു കമ്മിഷൻ. ഫണ്ടു സ്വീകരിക്കുന്നതിൽ സുതാര്യത പുലർത്തണമെന്ന നിർദേശം പാലിക്കുന്നതിൽ എഎപി പരാജയപ്പെട്ടതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും തെറ്റായ വിവരങ്ങൾ നൽകിയെന്നും പറഞ്ഞാണ് കമ്മിഷന്റെ മുന്നറിയിപ്പ്.
ഹവാല ഇടപാടുകാരിൽനിന്നു ലഭിച്ച പണം സംഭാവനയെന്ന പേരിലാണ് പാർട്ടി അവതരിപ്പിച്ചതെന്ന് എഎപിക്കു നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് 20 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും അല്ലെങ്കിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) നൽകിയ വിവരങ്ങൾ കണക്കിലെടുത്തും തീരുമാനമെടുക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പു കമ്മിഷനിൽ സംസ്ഥാന പാർട്ടിയാണ് എഎപി. ഫണ്ടിന്റെ കാര്യത്തിൽ മാർഗനിർദേശങ്ങൾ പാലിക്കാത്ത കക്ഷികളുടെ അംഗീകാരം സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ കമ്മിഷന് അധികാരമുണ്ട്.
2014–15 സാമ്പത്തിക വർഷത്തേക്ക് പാർട്ടി ഫണ്ടിലേക്ക് ലഭിച്ച തുക സംബന്ധിച്ച് എഎപി ആദ്യം നൽകിയതും പിന്നീടു പുതുക്കി നൽകിയതുമായ ലിസ്റ്റിലെ കണക്കിൽ വൈരുദ്ധ്യമുണ്ടെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. എഎപിയുടെ ബാങ്ക് അക്കൗണ്ടിൽ 67.67 കോടി രൂപ സംഭാവന ലഭിച്ചതായി രേഖകൾ സൂചിപ്പിക്കുമ്പോൾ 54.15 കോടി രൂപയാണ് പാർട്ടി കമ്മിഷനിൽ നൽകിയത്. ഹവാല ഇടപാടുകാരിൽനിന്നു ലഭിച്ച രണ്ടു കോടി രൂപ സംഭാവനയെന്ന പേരിലാണ് എഎപി കണക്കു നൽകിയതെന്നും കമ്മിഷൻ പറയുന്നു.
എന്നാൽ, പാർട്ടിയോട് കേന്ദ്ര ഏജൻസികൾക്ക് പൊതുവേയുള്ള ഇരട്ടത്താപ്പാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാടിൽ പ്രതിഫലിക്കുന്നതെന്ന് എഎപി പ്രതികരിച്ചു. കണക്കുകൾ തയാറാക്കുന്നതിൽ സ്വീകരിക്കുന്ന പ്രാഥമിക നടപടിക്രമങ്ങൾ സംബന്ധിച്ചുള്ള അറിവില്ലായ്മയാണ് നോട്ടിസിനു പിന്നിലെന്നും പാർട്ടി ട്രഷറർ എൻ.ഡി.ഗുപ്ത എംപി പറഞ്ഞു.