Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ 40 സേവനങ്ങൾ വീട്ടുപടിക്കൽ; ലോകത്തിനു മാതൃകയെന്നു കേജ്‌രിവാൾ

doorstep-delivery-aap-government ‘വീട്ടുപടിക്കൽ സർക്കാർ സേവനങ്ങൾ’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽനിന്ന്. ചിത്രം: എഎപി, ട്വിറ്റർ.

ന്യൂഡൽഹി∙ ഡ്രൈവിങ് ലൈസൻസ്, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ജാതി സർട്ടിഫിക്കറ്റ്, വാട്ടർ കണക്‌ഷൻ, ഡ്യൂപ്ലിക്കറ്റ് ആർസി, ആർസിയിലെ വിലാസം മാറ്റൽ ഉൾപ്പെടെ 40 സേവനങ്ങൾ വീട്ടുപടിക്കൽ ലഭ്യമാക്കുന്ന പദ്ധതിക്കു ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ തുടക്കമിട്ടു. സർക്കാർ ഓഫിസുകൾക്കു മുന്നിൽ സേവനങ്ങൾ വാങ്ങാൻ വരിനിൽക്കുന്നതിലുളള സമയനഷ്ടം ജനത്തിനു ഇനിയുണ്ടാവില്ലെന്നു പദ്ധതി ഉദ്ഘാടനം ചെയ്ത് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഇന്ത്യയ്ക്കും ലോകത്തിനും ഇതൊരു മാതൃകയാവട്ടെയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇതൊരു വിപ്ലവാത്മക മാറ്റമാണ്. സേവനങ്ങൾക്കായി ഓഫിസുകളിലേക്കും തിരിച്ചുമുള്ള യാത്രകൾക്കുള്ള സമയവും ധനവ്യയവും ഇനിയുണ്ടാവില്ല. 1076ൽ വിളിച്ചാൽ സർക്കാരിന്റെ 40 സേവനങ്ങൾ അൻപതു രൂപ മാത്രം ചെലവിൽ വീട്ടുപടിക്കലെത്തും. ശരിയായ അർഥത്തിൽ പൊതുജനങ്ങളെ സർക്കാർ സേവിക്കുക എന്ന സ്ഥിതിയാണ് ഉണ്ടാകുക.

ഡ്രൈവിങ് ലൈസൻസ്, പുതിയ ജല കണക്‌ഷൻ തുടങ്ങിയവയെല്ലാം രാവിലെ എട്ടിനും രാത്രി പത്തിനുമിടയിൽ ഒരു ‘മൊബൈൽ സഹായകി’ന്റെ സഹായത്തോടെ ലഭ്യമാക്കും. ഡൽഹിയിലെ 11 ജില്ലകളിലും ആറു വീതം മൊബൈൽ സഹായക്കുമാരെയാണു രംഗത്തിറക്കുക. ഈ 66 പേരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ജില്ലാതലത്തിൽ ഒരു സൂപ്പർവൈസർ വീതമുണ്ടാകും. വരും മാസങ്ങളിൽ നൂറു സേവനങ്ങളെങ്കിലും ഈ പദ്ധതിയിലൂടെ ലഭ്യമാക്കാനാണു ശ്രമമെന്നു ചടങ്ങിൽ സംസാരിച്ച ഭരണപരിഷ്കാര ചുമതലയുള്ള മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് പറഞ്ഞു.

ഇത്തരം പദ്ധതി ലോകത്തു തന്നെ ആദ്യമാണെന്നും ഭരണനിർവഹണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി, ലഫ്.ഗവർണർ, കേന്ദ്ര സർക്കാർ എന്നിവ ഈ പദ്ധതി നടപ്പാക്കുന്നതു തടയാൻ ശ്രമിച്ചെങ്കിലും കൃത്യമായ ഇടപെടലിലൂടെ അതെല്ലാം മറികടക്കാനായി. റേഷൻ സാധനങ്ങളും വീട്ടുപടിക്കലെത്തിക്കാൻ പദ്ധതിയുണ്ട്. റേഷൻ വിതരണ സംവിധാനത്തിലെ ചില പ്രശ്നങ്ങൾ പരിഹരിക്കുന്നതോടെ ഇതും യാഥാർഥ്യമാക്കാനാകുമെന്നു കേജ്‌രിവാൾ പ്രതീക്ഷ പ്രകടിപ്പിച്ചു.

‘വീട്ടുപടിക്കൽ സർക്കാർ സേവനങ്ങൾ’ പദ്ധതി നടപ്പിലാക്കുമെന്ന് ഈ വർഷത്തിന്റെ തുടക്കത്തിലാണ് ആം ആദ്മി പാർട്ടി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, ലഫ്. ഗവർണർ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നതായി എഎപി പിന്നീട് ആരോപിച്ചു. ജൂലൈയിൽ ഡൽഹിയിലെ ഭരണസംവിധാനം സംബന്ധിച്ചു സുപ്രീംകോടതി വ്യക്തമായ മാർഗരേഖകൾ പുറപ്പെടുവിച്ചതോടെയാണു പദ്ധതി നടപ്പിലാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ പുനരാരംഭിച്ചത്.

വീട്ടുപടിക്കൽ ലഭ്യമാക്കുന്ന സേവനങ്ങൾക്ക് 50 രൂപ അധികമായി ഫീസ് ഈടാക്കും. സ്വകാര്യ ഏജൻസിയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ മണിക്കൂറുകളോളം വരിനിൽക്കേണ്ട ദുരിതത്തിൽനിന്നു ജനം ഇതോടെ മോചിതരാവും. ‘മൊബൈൽ സഹായക്’ എന്ന പേരിൽ ജീവനക്കാരെ നിയമിച്ചാണു സ്വകാര്യ ഏജൻസി സർട്ടിഫിക്കറ്റുകൾ വീടുകളിൽ എത്തിക്കുക. ഇതിനായി കോൾ സെന്ററുകളും പ്രവർത്തിക്കും.

സേവനങ്ങൾ ആവശ്യമുള്ളവർ കോൾ സെന്ററിനെയാണു ബന്ധപ്പെടേണ്ടത്. മൊബൈൽ സഹായക് വീട്ടിലെത്തി ആവശ്യമായ വിവരങ്ങളും രേഖകളും ശേഖരിക്കും. തുടർന്നു മുൻകൂട്ടി അറിയിച്ച ശേഷമാവും രേഖകൾ വീട്ടിലെത്തിക്കുക. ഡ്രൈവിങ് ടെസ്റ്റിനു മാത്രം അപേക്ഷകർ നേരിട്ട് ഓഫിസിലെത്തണം.

related stories