ചണ്ഡിഗഡ്, ഹരിയാന ∙ ഗ്രാമപ്രദേശത്തു നിന്നെത്തി, സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷയിൽ ഏറ്റവുമധികം മാർക്ക് നേടി, രാഷ്ട്രപതിയുടെ അഭിനന്ദനം നേടിയ വിദ്യാർഥിനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി.
ബുധനാഴ്ച ക്ലാസ് കഴിഞ്ഞു മടങ്ങുമ്പോൾ, ഇപ്പോൾ രണ്ടാംവർഷ ബിരുദത്തിനു പഠിക്കുന്ന പത്തൊൻപതുകാരിയെ ബസ് സ്റ്റോപ്പിൽനിന്നു കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ലഹരിപാനീയം ബലമായി നൽകി മയക്കിയശേഷം ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി നാലോ അഞ്ചോ പേർ ചേർന്നു മാനഭംഗപ്പെടുത്തിയെന്നാണു കേസ്. പിന്നീടു ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ചു.
ഹരിയാനിലെ മഹേന്ദർഗവ് ജില്ലയിലെ കാനിനയിലാണു സംഭവം. പ്രതികളായ യുവാക്കൾ പെൺകുട്ടിയുടെ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
ബിജെപിയുടെ മനോഹർ ലാൽ ഖട്ടർ സർക്കാരിന്റെ കീഴിൽ മറ്റൊരു ‘ഹരിയാനയുടെ മകൾ’ കൂടി കൂട്ടമാനഭംഗത്തിനു വിധേയമായതായി കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു.
ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുപ്രകാരം ഏറ്റവുമധികം കൂട്ടമാനഭംഗം നടക്കുന്നത് ഹരിയാന സംസ്ഥാനത്താണെന്നും അദ്ദേഹം ആരോപിച്ചു.
പെൺമക്കളെ പഠിക്കാനയയ്ക്കുന്ന രക്ഷിതാക്കൾ നൽകേണ്ട വില ഇതോ?: പെൺകുട്ടിയുടെ അമ്മ
‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ (മകളെ സംരക്ഷിക്കൂ, മകളെ പഠിപ്പിക്കൂ) എന്നു പ്രധാനമന്ത്രി പറയുന്നതനുസരിച്ചു പെൺമക്കളെ പഠിക്കാനയയ്ക്കുന്ന രക്ഷിതാക്കൾ നൽകേണ്ട വില ഇതാണോയെന്നു പെൺകുട്ടിയുടെ അമ്മ ചോദിച്ചു. തന്റെ മകൾ ആഘാതത്തിൽ നിന്നു മുക്തയായിട്ടില്ല.
അതേസമയം, കുറ്റവാളികൾ സ്വതന്ത്രമായി വിഹരിക്കുകയാണെന്നും അവർ പറഞ്ഞു. നിയമതടസ്സങ്ങൾ പറഞ്ഞു തങ്ങളെ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ച പൊലീസ് പരാതി സ്വീകരിക്കാൻ വൈകി. കുറ്റാരോപിതർ പൊലീസിനെ സ്വാധീനിച്ചതു മൂലമാണിത് – പെൺകുട്ടിയുടെ അമ്മ പറഞ്ഞു.