ന്യൂഡൽഹി∙ രാജ്യ സുരക്ഷയും പ്രതിരോധ മേഖലയും നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച് വിശദ ചർച്ചകൾ നടക്കുന്ന കര, നാവിക, വ്യോമ സേനാ ഉദ്യോഗസ്ഥരുടെ സംയുക്ത വാർഷിക സമ്മേളനം 28നു രാജസ്ഥാനിലെ ജോധ്പുരിൽ നടക്കും. സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും. പാക്കിസ്ഥാനെതിരായ മിന്നലാക്രമണത്തിന്റെ രണ്ടാം വാർഷികത്തിന്റെ തലേന്നാണു സമ്മേളനം.
ഇതിനിടെ, കരസേനയുടെ അംഗബലം കുറയ്ക്കുന്നതു സംബന്ധിച്ച ഒരു ശുപാർശയും തന്റെ മുന്നിലില്ലെന്നു പ്രതിരോധ മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. സേനയുടെ കാര്യശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി അംഗബലം കുറയ്ക്കണമെന്നു പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട സമിതി നേരത്തേ ശുപാർശ ചെയ്തിരുന്നു.
ഇതുസംബന്ധിച്ചു കരസേനാ മേധാവിയുടെ നേതൃത്വത്തിൽ സേനയിൽ ചർച്ചകൾ നടന്നെങ്കിലും ശുപാർശ തന്റെ മുന്നിലെത്തിയിട്ടില്ല. 13 ലക്ഷം അംഗങ്ങളുള്ള കരസേനയിൽനിന്ന് അഞ്ചു വർഷത്തിനകം ഒരു ലക്ഷം പേരെ ഒഴിവാക്കിയേക്കുമെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.