ന്യൂഡൽഹി ∙ രാജ്യത്തു ബാങ്കുകളുടെ കിട്ടാക്കടം 20.70 ലക്ഷം കോടി രൂപയെന്ന റെക്കോർഡിൽ. കിട്ടാക്കടം തിരിച്ചുപിടിക്കാൻ സർക്കാരും ബാങ്കുകളും നടത്തുന്ന തീവ്രശ്രമങ്ങൾ ഫലം കാണുന്നില്ലെന്നു 2017 മാർച്ച് 31 അടിസ്ഥാനമാക്കിയുള്ള റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 4.71 ലക്ഷം കോടി രൂപ ബാങ്കുകൾ ഇളവു നൽകുകയോ എഴുതിത്തള്ളുകയോ ചെയ്തതായും രേഖകൾ വെളിപ്പെടുത്തുന്നു.
ഒറ്റ വർഷം (2016–’17) കിട്ടാക്കടത്തിലുണ്ടായ വർധന 4.4 ലക്ഷം കോടിയോളം രൂപയാണ്. മുൻഗണനാ (പ്രയോരിറ്റി) മേഖലയിൽ 71.83 ലക്ഷം കോടി രൂപയാണു ബാങ്കുകൾ വായ്പ നൽകിയത്. അതിൽ 4.89 ലക്ഷം കോടി (6.8%) കിട്ടാക്കടമായി. മറ്റു മേഖലകളിൽ (നോൺ പ്രയോരിറ്റി) 124 ലക്ഷം കോടി രൂപ വായ്പ നൽകി. ഇതിൽ കിട്ടാക്കടം 15.81 ലക്ഷം കോടി രൂപ (12.7%).
49 പേരുടെ കിട്ടാക്കടം 3.9 ലക്ഷം കോടി!
3,000 കോടിയിലേറെ രൂപ കടമെടുത്ത 49 പേർ ബാങ്കുകൾക്കു നൽകാനുള്ളതു 3,90,697 കോടി രൂപയാണെന്നു വിവരാവകാശ പ്രവർത്തകൻ ടി. അജയകുമാർ ശേഖരിച്ച കണക്കുകൾ വെളിപ്പെടുത്തുന്നു. ഓരോരുത്തരുടെയും ശരാശരി കുടിശിക 7900 കോടിയോളം രൂപ! 2000 മുതൽ 3000 കോടി രൂപ വരെ വായ്പയെടുത്ത 26 പേരുടെ കുടിശിക 63,395 കോടി, 1000 മുതൽ 2000 കോടി രൂപ വരെ കടമെടുത്ത 64 പേരുടെ കുടിശിക 90, 816 കോടിയും. അതായത്, 139 വൻതോക്കുകൾ ചേർന്ന് ഉണ്ടാക്കിയ കിട്ടാക്കടം 5.44 ലക്ഷം കോടി രൂപ.
മുൻഗണനാ മേഖല
കൃഷി, സൂക്ഷ്മ, ചെറുകിട വ്യവസായങ്ങൾ (എംഎസ്ഇ), വിദ്യാഭ്യാസം, ഭവനനിർമാണം തുടങ്ങിയവ ഉൾപ്പെട്ടത്. 12.62 ലക്ഷം കോടി രൂപയാണു കാർഷിക മേഖലയ്ക്കു നൽകിയ വായ്പ. ചെറുകിട, ഇടത്തരം വ്യവസായത്തിനു 11.31 ലക്ഷം കോടി, വിദ്യാഭ്യാസത്തിന് 63,000 കോടി, ഭവനനിർമാണത്തിന് 3.95 ലക്ഷം കോടി. ദുർബലവിഭാഗങ്ങൾക്ക് 7.74 ലക്ഷം കോടി രൂപ വായ്പയും വിതരണം ചെയ്തു. ഏറിയ പങ്കും സാധാരണക്കാർ ഉൾപ്പെട്ട മുൻഗണനാ മേഖലയിലെ കിട്ടാക്കടം താരതമ്യേന കുറവ്.
കിട്ടാക്കടമെന്ത്?
90 ദിവസം തിരിച്ചടവു മുടങ്ങിയാൽ വായ്പകൾ കിട്ടാക്കടത്തിന്റെ പരിധിയിലാകും. ചില വായ്പകൾക്ക് ഈ കാലയളവ് 60 ദിവസം മാത്രം. കിട്ടാക്കടം രൂപപ്പെട്ടാലുടൻ വായ്പ തിരിച്ചുപിടിക്കാനുള്ള ശ്രമം ബാങ്കുകൾ തുടങ്ങണം. ചെറുകിട വായ്പകളുടെ കാര്യത്തിൽ കർക്കശ നടപടിയുണ്ടാകുമെങ്കിലും വൻതോക്കുകൾ തലയൂരുന്നതാണു പതിവ്. 2014 മാർച്ചിൽ നിന്നു 2017 മാർച്ചിലെത്തിയപ്പോൾ കിട്ടാക്കടം മൂന്നിരട്ടിയായി.
കിട്ടാക്കടം ഇങ്ങനെ:
2014 – 6.96 ലക്ഷം കോടി രൂപ.
2015 – 8.5 ലക്ഷം കോടി.
2016 – 16.3 ലക്ഷം കോടി.
2017 – 20.7 ലക്ഷം കോടി.
ഇളവുകളും എഴുതിത്തള്ളലും
വായ്പ തിരിച്ചടയ്ക്കാത്ത വൻകിടക്കാർക്കു 2016–’17 സാമ്പത്തിക വർഷം ബാങ്കുകൾ നൽകിയ ഇളവുകൾ (റിഡക്‌ഷൻ) 2.54 ലക്ഷം കോടി രൂപയാണ്. എഴുതിത്തള്ളിയ വായ്പ 2.17 ലക്ഷം കോടി രൂപയും.
ബാങ്കുകൾ വേണ്ടെന്നുവച്ച 4.71 ലക്ഷം കോടി രൂപയുണ്ടെങ്കിൽ
∙ രാജ്യത്തെ ചെറുകിട കർഷകരുടെ കടമാകെ എഴുതിത്തള്ളാം.
∙ പെട്രോൾ, ഡീസൽ വില ലീറ്ററിനു 15 രൂപ കുറയ്ക്കാം.
∙ വ്യോമസേനയ്ക്ക് 15 സ്ക്വാഡ്രൺ അത്യാധുനിക യുദ്ധവിമാനങ്ങൾ വാങ്ങാം.
∙ നിലവിലുള്ള ഹൈവേ വികസനപദ്ധതികൾ പൂർത്തിയാക്കാം.
∙ തകർച്ചയിലായ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായമേഖലയെ പുനരുദ്ധരിക്കാം.