രാജസ്ഥാൻ കോൺഗ്രസിനെന്ന് സി ഫോർ സർവേ; മുഖ്യമന്ത്രി സ്ഥാനത്തിൽ സച്ചിൻ പൈലറ്റിനു മുൻതൂക്കം

ന്യൂഡൽഹി∙ രാജസ്ഥാനിൽ കോൺഗ്രസ് ജയിക്കുമെന്നു സി ഫോർ സർവേ ഫലം. 200 അംഗ രാജസ്ഥാൻ നിയമസഭയിൽ 124–138 സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണു പ്രവചനം. കോൺഗ്രസിന് 50 ശതമാനവും ബിജെപിക്കു 43 ശതമാനവും വോട്ടു ലഭിക്കുമെന്നും സർവേ വിലയിരുത്തുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്കു കൂടുതൽ പേർ പിന്തുണച്ചതു പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റിനെയാണ്. പൈലറ്റ്, കോൺഗ്രസ് മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ബിജെപി മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരാണ് ആദ്യ 3 സ്ഥാനങ്ങളിൽ. ഇവർക്കു യഥാക്രമം 32, 27, 23 ശതമാനം വീതം വോട്ടുകൾ ലഭിച്ചു. 5788 പേരാണു സർവേയിൽ പങ്കെടുത്തത്.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങൾ കോൺഗ്രസ് തിരിച്ചു പിടിക്കുമെന്നാണു കഴിഞ്ഞദിവസം എബിപി ന്യൂസ് – സി സർവേയും പ്രവചിച്ചത്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിൽ യഥാക്രമം 165, 142, 49 സീറ്റുകൾ നേടിയാണു ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസിനു യഥാക്രമം 58, 21, 39 സീറ്റുകളും ലഭിച്ചു.