Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാനിൽ 23 മന്ത്രിമാരിൽ 3 പിഎച്ച്ഡിക്കാരും; 18 പുതുമുഖങ്ങൾ

ashok-gehlot രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

ജയ്‌പുർ ∙ വിദ്യാസമ്പന്നർ നിറഞ്ഞ് രാജസ്ഥാൻ മന്ത്രിസഭ. തിങ്കളാഴ്ച അധികാരമേറ്റ 23 മന്ത്രിമാരിൽ 3 പിഎച്ച്ഡിക്കാരും 6 എൽഎൽബിക്കാരും 2 എംബിഎക്കാരും ഒരു എൻജിനീയറും ഉൾപ്പെടുന്നു. ഭൂരിപക്ഷം മന്ത്രിമാരും സമൂഹമാധ്യമങ്ങളിൽ സജീവം.

എൽഎൽഎബിയും ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവുമാണു മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ യോഗ്യത. ഇംഗ്ലിഷ് ബിരുദവും യുഎസിലെ പെൻസിൽവേനിയ സർവകലാശാലയിൽ നിന്ന് എംബിഎയാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ യോഗ്യതകൾ. മന്ത്രിസഭയിലെ ഏക വനിതാ അംഗമായ മമത ഭൂപേഷിന് എംബിഎയുണ്ട്. രമേഷ് ചന്ദ് മീണയാണ് ഏക എൻജിനീയർ.

ബി.ഡി.കല്ല, രഘു ശർമ, സുഭാഷ് ഗാർഗ് എന്നിവരാണു പിഎച്ച്ഡിയുള്ള മന്ത്രിമാർ. ഇതിൽ കല്ലയ്ക്കും രഘു ശർമയ്ക്കും എൽഎൽബിയുമുണ്ട്. ശാന്തികുമാർ ധരിവാൾ, ഗോവിന്ദ് സിങ് ദോത്താസര, സുക്റാം ബിഷ്നോയ്, ടിക്കാറാം ജുല്ലി എന്നിവർക്കും എൽഎൽബിയുണ്ട്.

8 മന്ത്രിമാർക്കെതിരെ കേസുകളുണ്ട്. യുവമന്ത്രി അശോക് ചന്ദനയ്ക്കെതിരെയാണു കൂടുതൽ കേസ്– 10.‌ നാലു മന്ത്രിമാർ തങ്ങൾക്കു സമൂഹമാധ്യമ അക്കൗണ്ടില്ലെന്നു സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത മന്ത്രിസഭാ വികസനം താമസിയാതെ ഉണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പറഞ്ഞു.

ഒഴിവാക്കപ്പെട്ടതിന്റെ പേരിൽ പല മുതിർന്ന നേതാക്കളും അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്. 23 മന്ത്രിമാരിൽ 18 പേരും പുതുമുഖങ്ങളാണ്. പരമാവധി 30 പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം.

related stories