ന്യൂഡൽഹി ∙ ഭരണത്തിൽ പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനത്തിന്റെ ആദ്യ പരീക്ഷണശാലയായി രാജസ്ഥാൻ. അശോക് ഗെലോട്ട് മന്ത്രിസഭയിൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത 23 മന്ത്രിമാരിൽ 18 പേരും പുതുമുഖങ്ങൾ. ഭാവിയിൽ 5 പേരെ കൂടി ഉൾപ്പെടുത്തും.
മമത ഭൂപേഷ്, സാലിഹ് മുഹമ്മദ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തതോടെ മന്ത്രിസഭിൽ വനിത, മുസ്‌ലിം പ്രാതിനിധ്യങ്ങളായി. ഭാവിയിൽ അധികാരത്തിലേറുന്ന സംസ്ഥാനങ്ങളിലും സമാന നയം തുടരുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. പരിചയസമ്പന്നരെ പൂർണമായി കൈവിടാതെ, പുതുമുഖങ്ങൾക്ക് അവസരം നൽകുക എന്ന ഫോർമുലയാവും നടപ്പാക്കുക.
മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, എഐസിസി നിരീക്ഷകൻ കെ.സി. വേണുഗോപാൽ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ രാഹുലുമായി നടത്തിയ കൂടിക്കാഴ്ചകളിലാണു മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായത്. മന്ത്രി പദവി കയ്യടക്കിവയ്ക്കാൻ ആരെയും അനുവദിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി. മന്ത്രിസഭാ രൂപീകരണത്തിൽ സംസ്ഥാനത്തെ പ്രബല നേതാക്കളുടെ താൽപര്യത്തിനു താൻ വഴങ്ങില്ലെന്ന സന്ദേശം കൂടിയാണ് ഇതിലൂടെ രാഹുൽ നൽകുന്നത്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേട്ടമുണ്ടാക്കിയില്ലെങ്കിൽ സമഗ്ര അഴിച്ചുപണിക്കു മടിക്കില്ലെന്നും മൂപ്പിളമ തർക്കം വച്ചുപൊറുപ്പിക്കില്ലെന്നും ഗെലോട്ടിനും സച്ചിനും രാഹുൽ മുന്നറിയിപ്പു നൽകി. ലോക്സഭയിൽ ഫലമുണ്ടാക്കുന്നതിന് ഇരുവർക്കും കൂട്ടുത്തരവാദിത്തമായിരിക്കും. തിരിച്ചടി നേരിട്ടാൽ പ്രത്യാഘാതവും ഇരുവരും പങ്കിട്ടെടുക്കണം – രാഹുൽ വ്യക്തമാക്കി. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ചു മധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരും രാഹുലുമായി ചർച്ച നടത്തി.