ജയ്പുർ∙ മൂന്ന് പിഎച്ച്ഡിക്കാർ, ആറ് എൽഎൽബിക്കാർ, രണ്ട് എംബിഎക്കാർ, ഒരു എൻജിനീയറിങ്ങുകാരൻ... വിദ്യാസമ്പന്നരായ മന്ത്രിമാരാൽ തിളങ്ങുകയാണു രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. കഴിഞ്ഞദിവസം മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നപ്പോഴാണ് ഇത്രയും മിടുക്കർ സർക്കാരിന്റെ ഭാഗമായത്.
ബി.ഡി.കല്ല, രഘു ശർമ, സുഭാഷ് ഗാർഗ് എന്നിവരാണു പിഎച്ച്ഡിയുള്ള മന്ത്രിമാർ. ഇതിൽ കല്ലയ്ക്കും രഘു ശർമയ്ക്കും എൽഎൽബിയുമുണ്ട്. ശാന്തികുമാർ ധരിവാൾ, ഗോവിന്ദ് സിങ് ദോത്താസര, സുക്റാം ബിഷ്നോയ്, ടിക്കാറാം ജുല്ലി എന്നിവർക്കും എൽഎൽബി ബിരുദമുണ്ട്. മന്ത്രിസഭയിലെ ഏക വനിതാ അംഗമായ മമത ഭൂപേഷ്, രഘു ശർമ എന്നിവർ എംബിഎ ഡിഗ്രിക്കാരാണ്. രമേഷ് ചന്ദ് മീണയാണ് ഏക എൻജിനീയറിങ് ബിരുദധാരി.
എൽഎൽഎബി, എക്കണോമിക്സിൽ ബിരുദാനന്തരബിരുദം, സയൻസിൽ ബിരുദം എന്നിവയാണു മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിദ്യാഭ്യാസ യോഗ്യത. യുഎസിലെ പെൻസിൽവാനിയ യൂണിവേഴ്‍സിറ്റിയിൽനിന്ന് എംബിഎ, ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം എന്നിവയാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ യോഗ്യതകൾ.
ഉദയ് ലാൽ, അർജുൻ ബാംനിയ (ഡിഗ്രി പൂർത്തിയാക്കിയില്ല), ഭജൻലാൽ ജാദവ് (10–ാം ക്ലാസ്), അഞ്ചു പേർക്കു സീനിയർ സെക്കൻഡറി എന്നിങ്ങനെയാണു മറ്റുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത. എട്ടു മന്ത്രിമാർക്കെതിരെ കേസുകളുണ്ട്. യുവമന്ത്രിമാരിലൊരാളായ അശോക് ചന്ദനയ്ക്കെതിരെയാണു കൂടുതൽ കേസ്– 10.
സമൂഹമാധ്യമത്തിൽ അക്കൗണ്ട് ഇല്ലെന്നാണു സത്യവാങ്മൂലത്തിൽ നാലുപേർ രേഖപ്പെടുത്തിയത്. ആറു പേർ ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയവയിൽ സജീവമാണ്. ഫെയ്സ്ബുക് മാത്രമുള്ളവരും ഇതിനൊപ്പം ട്വിറ്ററും കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമുണ്ട്.
മന്ത്രിസഭ വിപുലീകരിക്കും: സച്ചിൻ
സംസ്ഥാനത്തു മന്ത്രിസഭാ വിപുലീകരണം ഉടനുണ്ടായേക്കുമെന്ന സൂചന നൽകി ഉപമുഖ്യമന്ത്രിയും രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷനുമായ സച്ചിൻ പൈലറ്റ്. മന്ത്രിസഭയിൽനിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പേരിൽ പല മുതിർന്ന നേതാക്കളും അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണു പ്രസ്താവന.
മന്ത്രിസഭയിൽ സംസ്ഥാനത്തെ എല്ലാ വിഭാഗക്കാർക്കും പ്രാതിനിധ്യം വേണം. ഇപ്പോൾ നടന്നത് മന്ത്രിസഭയുടെ ആദ്യ വികസനമാണ്. അടുത്ത വിപുലീകരണത്തിൽ കൂടുതൽ പേർക്ക് അവസരങ്ങൾ കിട്ടിയേക്കും– സച്ചിൻ പൈലറ്റ് പറഞ്ഞു. 23 മന്ത്രിമാരിൽ 18 പേരും പുതുമുഖങ്ങളാണ്. പരമാവധി 30 പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം.