Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നജീബ് അഹമ്മദിന്റെ തിരോധാനം: കേസ് അവസാനിപ്പിച്ച് കോടതി

Najeeb

ന്യൂഡൽഹി∙ ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർഥിയായിരുന്ന നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐക്കു ഡൽഹി ഹൈക്കോടതിയുടെ അനുമതി. അന്വേഷണ ചുമതല പ്രത്യേക സംഘത്തെ ഏൽപ്പിക്കണമെന്ന നജീബിന്റെ മാതാവ് ഫാത്തിമ നഫീസിന്റെ ആവശ്യം കോടതി തള്ളി. സിബിഐ അന്വേഷണ റിപ്പോർട്ട് ലഭിക്കാൻ ഫാത്തിമയ്ക്കു വിചാരണ കോടതിയെ സമീപിക്കാം. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു ഫാത്തിമ അറിയിച്ചു. 

നജീബിന്റേത് സാധാരണ കാണാതാകൽ സംഭവം മാത്രമാണെന്നും കുറ്റകൃത്യങ്ങൾ നടന്നതിനു തെളിവില്ലെന്നും സിബിഐ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. 

ജെഎൻയുവിൽ എംഎസ്‍സി ബയോടെക്നോളജി വിദ്യാർഥിയായിരുന്ന നജീബിനെ(27) 2016 ഒക്ടോബർ 15നാണു സർവകലാശാലയുടെ മഹി ഹോസ്റ്റലിൽ നിന്നു കാണാതായത്. അന്നു വൈകിട്ട് എബിവിപി പ്രവർത്തകരുമായുള്ള സംഘർഷത്തിൽ. വിദ്യാർഥി സംഘടനയായ ഐസയുടെ പ്രവർത്തകനായ നജീബിനു മർദമേറ്റിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നജീബിന്റെ അമ്മ ഫാത്തിമ കോടതിയെ സമീപിച്ചതോടെയാണു കേസ് കൈമാറിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് പലതവണ സിബിഐക്കു കോടതിയിൽ നിന്നു രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നിരുന്നു. അന്വേഷണം പൂർത്തിയാകാത്തതിനെത്തുടർന്നു ഫാത്തിമ സിബിഐ ആസ്ഥാനത്ത് രണ്ടു ദിവസം കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു. 

‘ഹൃദയം തകരുന്ന വിധിയാണിത്. കുറ്റവാളികളെ സംരക്ഷിക്കുന്ന പക്ഷപാതപരമായ അന്വേഷണമാണു സിബിഐ നടത്തിയത്. സിബിഐ, ഡൽഹി പൊലീസ് എന്നിവരെല്ലാം മോദി സർക്കാരിന്റെ പാവകളായി മാറി. നീതി ലഭിക്കാൻ ഏതറ്റം വരെയും പോകും’ - ഫാത്തിമ നഫീസ്, നജീബിന്റെ മാതാവ് 

related stories