Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നജീബിന്റെ തിരോധാനം: അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐക്ക് അനുമതി

09-najeeb-ahmad-sc

ന്യൂഡല്‍ഹി∙ ജവാഹര്‍ലാല്‍ നെഹ്‌റു സർവകലാശാല (ജെഎന്‍യു) വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം സംബന്ധിച്ച കേസില്‍ അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സിബിഐക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി.

അന്വേഷണച്ചുമതലയില്‍നിന്നു സിബിഐയെ നീക്കി പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്ന നജീബിന്റെ മാതാവിന്റെ ആവശ്യം ജസ്റ്റിസുമാരായ എസ്.മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ ബെഞ്ച് തള്ളി. സിബിഐ റിപ്പോര്‍ട്ട് ലഭിക്കാനായി നജീബിന്റെ മാതാവിനു വിചാരണക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. മകനെ കണ്ടെത്താന്‍ പൊലീസിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് 2016ല്‍ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് ഹൈക്കോടതിയെ സമീപിച്ചത്. 

2016 ഒക്ടോബര്‍ 15നാണ് ജെഎന്‍യു ക്യാംപസിലെ മഹി മാണ്ഡവി ഹോസ്റ്റലില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ നജീബിനെ കാണാതായത്. ഡല്‍ഹി പൊലീസ് അന്വേഷിച്ച കേസ് ഒരു വര്‍ഷം മുന്‍പ് സിബിഐ ഏറ്റെടുത്തെങ്കിലും നജീബിനെ കണ്ടെത്താന്‍ സാധിച്ചില്ല. കാണാതാവുന്നതിന്റെ തലേദിവസം എബിവിപി പ്രവര്‍ത്തകരായ ചിലരും നജീബുമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. 

തിരോധാനത്തിനു പിന്നിലുള്ളവരെന്നു നജീബിന്റെ കുടുംബം സംശയിച്ച ഒന്‍പതു വിദ്യാര്‍ഥികളെ ചോദ്യം ചെയ്‌തെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. ദൃക്‌സാക്ഷികളുടെയും ഹോസ്റ്റല്‍ വാര്‍ഡന്‍മാരുടെയും മൊഴികള്‍ വിശദമായി പരിശോധിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. കേസ് അവസാനിപ്പിക്കാനുള്ള സിബിഐ നീക്കം അനുവദിക്കില്ലെന്നും ഇതിനായി ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് വ്യക്തമാക്കിയിരുന്നു. 

related stories