Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ: റിലയൻസ് വേണമെന്നത് നിർബന്ധം; കൂടുതൽ വെളിപ്പെടുത്തി ഫ്രഞ്ച് മാധ്യമം

Rafale fighter jet

ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് കമ്പനിയെ ഓഫ്സെറ്റ് പങ്കാളിയാക്കണമെന്ന നിർബന്ധ വ്യവസ്ഥ ഡാസോ ഏവിയേഷനു മുന്നിലുണ്ടായിരുന്നുവെന്നു സൂചിപ്പിക്കുന്ന രേഖകൾ ഫ്രഞ്ച് ഓൺലൈൻ മാധ്യമം പുറത്തുവിട്ടു. ഇക്കാര്യം രേഖപ്പെടുത്തി ഫ്രാൻസിലെ തൊഴിലാളി സംഘടനനകളായ സിഫ്ഡിടി, സിജിടി എന്നിവയുടെ പക്കലുള്ള രേഖകളാണു ‘പോർടെയ്‌ൽ ഏവിയേഷൻ’ എന്ന വെബ്സൈറ്റ് പുറത്തുവിട്ടത്.

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷത്തിന് ബലം നൽകുന്നതാണു പുതിയ വെളിപ്പെടുത്തൽ. റിലയൻസുമായുള്ള പങ്കാളിത്തം സംബന്ധിച്ചു ഡാസോ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ലൊയ്ക് സെഗ്‌ലൻ സംഘടനാ നേതാക്കൾക്കു മുന്നിൽ നടത്തിയ അവതരണത്തിന്റെ വിശദാംശങ്ങളാണു രേഖയിലുള്ളതെന്നു വെബ്സൈറ്റ് അവകാശപ്പെട്ടു.

ഡാസോയ്ക്കു കരാർ ലഭിക്കണമെങ്കിൽ റിലയൻസിനെ നിർബന്ധമായും തിരഞ്ഞെടുക്കണമെന്ന ഉപാധി അംഗീകരിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നു തൊഴിലാളി നേതാക്കളോടു 2017 മേയ് 17നു സെഗ്‌ലൻ പറഞ്ഞതായി ഫ്രഞ്ച് മാധ്യമമായ മീഡീയാപാർട്ട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതു സ്ഥിരീകരിക്കുന്ന രേഖകളാണു ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

റിലയൻസിനെ തിര‍ഞ്ഞെടുക്കാനുള്ള തീരുമാനം സ്വതന്ത്രമായി എടുത്തതാണെന്നു ഡാസോ സിഇഒ എറിക് ട്രപ്പിയർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓഫ്സെറ്റ് കരാർ തുക (ഏകദേശം 30,000 കോടി രൂപ) പൂർണമായി റിലയൻസിനു ലഭിക്കില്ലെന്നും തുകയുടെ 10 ശതമാനം മാത്രമാണു അവരുടെ വിഹിതമെന്നും ട്രപ്പിയർ പറഞ്ഞിരുന്നു.