ജഗൻമോഹൻ റെഡ്ഡിക്ക് കുത്തേറ്റ് പരുക്ക്; അക്രമി പിടിയിൽ

കുത്തേറ്റ വൈ.എസ്. ജഗൻമോഹൻ റെഡ്ഡി വിശാഖപട്ടണം വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽനിന്നു പുറത്തുവരുന്നു.Q ചിത്രം: പിടിഐ

വിശാഖപട്ടണം ∙ വൈഎസ്ആർ കോൺഗ്രസ് നേതാവും ആന്ധ്രപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വൈ. എസ്. ജഗൻമോഹൻ റെഡ്ഡിക്ക് വിശാഖപട്ടണം വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ വച്ച് കത്തിക്കുത്തേറ്റു. ഹൈദരാബാദിലേക്കു പോകുന്നതിനായി എത്തിയ അദ്ദേഹത്തെ എയർപോർട്ടിലെ ഭക്ഷണശാലയിലെ ജീവനക്കാരനാണ് കോഴിപ്പോരിന് ഉപയോഗിക്കുന്ന ചെറിയ കത്തി കൊണ്ട് ഇടുതുതോളിൽ കുത്തിയത്. 

കഴുത്തിൽ കുത്താനായിരുന്നു അക്രമിയുടെ പദ്ധതിയെന്നു കരുതുന്നു. ജഗൻ ഒഴിഞ്ഞുമാറിയതിനാൽ ലക്ഷ്യം തെറ്റി.പ്രതി ജെ. ശ്രീനിവാസ റാവു (30) വിനെ സിഐഎസ്എഫുകാർ ഉടൻ പിടികൂടി പൊലീസിനു കൈമാറി. തെലുഗുദേശം പാർട്ടി നേതാവ് ഹർഷ്‌വർധൻ നടത്തുന്ന ഫ്യൂഷൻ ഫുഡ്സ് റസ്റ്ററന്റിൽ ഒരു വർഷമായി ജോലി ചെയ്യുന്നയാളാണ് അക്രമിയെന്നു വൈഎസ്ആർ കോൺഗ്രസ് ആരോപിച്ചു

ഹൈദരാബാദിൽ എൻഫോഴ്സ്മെന്റ് കോടതിയിൽ ഹാജരാകുന്നതിനാണ് ജഗൻ എയർപോർട്ടിൽ എത്തിയത്. സെൽഫിയെടുക്കാനെന്ന മട്ടിലാണു ശ്രീനിവാസ് അടുത്തെത്തിയത്. നിസാര പരുക്കേറ്റ ജഗന് ഉടൻ പ്രഥമശുശ്രൂഷ നൽകി. അദ്ദേഹം യാത്ര തുടരുകയും ചെയ്തു.