ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന 18 മണ്ഡലങ്ങളിൽ 12 എണ്ണം ആണ് നക്സലുകൾ ഭരിക്കുന്ന ‘ചുവപ്പൻ ഇടനാഴി’യിലുള്ളത്. ദന്തേവാഡയിൽ (ദക്ഷിണ ബസ്തർ) ഇത്തവണ നിലവിലെ എംഎൽഎയും മുൻ എംഎൽഎമാരുമാണ് പ്രധാനപാർട്ടികൾക്കായി കൊമ്പുകോർക്കുന്നത്. നക്സൽ വിരുദ്ധ സേനയ്ക്കു രൂപം നൽകിയ മഹേന്ദ്ര കർമയുടെ വിധവ ദേവ്‌തി കർമയാണു കോൺഗ്രസ് സ്ഥാനാർഥി.
നിലവിൽ എംഎൽഎയായ ദേവ്തിയുടെ മുഖ്യഎതിരാളി ജോഗി കോൺഗ്രസിന്റെ പിന്തുണയോടെ മൽസരിക്കുന്ന സിപിഐയുടെ നന്ദാറാം സോറിയാണ്. ബീമാ മണ്ഡാവി ബിജെപിക്കു വേണ്ടി മൽസരിക്കുന്നു. നന്ദാറാമും ബീമാ മണ്ഡാവിയും മുൻ എംഎൽഎമാരാണ്. ഗ്രോത സംവരണ മണ്ഡലമായ ദന്തേവാഡയിൽ മൽസരിക്കുന്ന 7 സ്ഥാനാർഥികളും ബന്ധുക്കളാണ്.
മാവോയിസ്റ്റുകൾ കൊലചെയ്ത മുൻമന്ത്രിയും ആദിവാസി നേതാവുമായ മഹേന്ദ്ര കർമയുടെ വിധവ ദേവ്തി അപ്രതീക്ഷിതമായാണു കഴിഞ്ഞ തവണ മൽസരിച്ചത്. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മുൻപാണ് മഹേന്ദ്ര കൊല്ലപ്പെട്ടത്. പരിവർത്തൻ റാലി കഴിഞ്ഞു മടങ്ങുംവഴി ദർഭാ താഴ്‌വരയിലെ കൊടുംകാട്ടിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരേ 250 ൽ പരം മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ 27 പേരാണു കൊല്ലപ്പെട്ടത്. മുൻ കേന്ദ്രമന്ത്രി വി.സി.ശുക്ല, ഛത്തീഗഡ് കോൺഗ്രസ് അധ്യക്ഷൻ നന്ദ്കുമാർ പട്ടേൽ, ഉദയ് മുതലിയാർ എംഎൽഎ, മുൻ എംപി ഗോപാൽ മാധവൻ തുടങ്ങിയവരും അന്നു കൊല്ലപ്പെട്ടു. മഹേന്ദ്രയായിരുന്നു അക്രമികളുടെ പ്രധാനലക്ഷ്യം. കർമയെ 78 തവണ കുത്തിയ ശേഷം ശരീരം മുഴുവൻ വെടിവയ്ക്കുകയായിരുന്നു.
മഹേന്ദ്ര കർമ സ്ഥാപിച്ച സൽവാ ജുദും എന്ന സായുധ ഗ്രാമസൈന്യം ഒട്ടേറെ നക്സലുകളെ കൊന്നൊടുക്കിയിരുന്നു. അനവധി മനുഷ്യവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സൽവാ ജുദുമിനെ നിരോധിച്ച് കോടതി ഉത്തരവിട്ടു.
കഷ്ടിച്ച് എഴുത്തും വായനയുമറിയാവുന്ന ദേവ്തി സഹതാപതരംഗത്തിലാണ് കഴിഞ്ഞതവണ ജയിച്ചത്. ഇത്തവണ മൽസരം കടുത്തതാണെന്നും സിപിഐയുമായിട്ടാണു പ്രധാന മൽസരമെന്നും അവർ ‘മനോരമ’യോടു പറഞ്ഞു.
സർക്കാർ നൽകിയ സുരക്ഷയ്ക്കു പുറമെ യന്ത്രത്തോക്കേന്തിയ ഒരു ഡസനോളം സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെയും കൊണ്ടാണ് ഈ വീട്ടമ്മ പുറത്തിറങ്ങുന്നത്. മഹേന്ദ്രയുടെ സഹോദരനുൾപ്പെടെ കുടുംബത്തിലെ 20 പേരാണ് കഴിഞ്ഞ ഏതാനും കൊല്ലങ്ങൾക്കുള്ളിൽ മാവോയിസ്റ്റുകളുടെ തോക്കിനിരയായത്. ദേവ്തി കർമയുടെ മകൻ ചാവിന്ദ്ര കർമ ഇത്തവണ നാമനിർദേശ പത്രിക നൽകിയിരുന്നെങ്കിലും അമ്മയുടെ നിർബന്ധംമൂലം പിൻവലിച്ചു.