Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്ത് തെളിയിച്ച് ‘ബാഹുബലി’; ജിസാറ്റ് 29 ദൗത്യം വിജയം

GSLV Mk-III ജിഎസ്എൽവി മാർക്ക് ത്രീ (ഫയൽചിത്രം)

ശ്രീഹരിക്കോട്ട∙ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റ് ഉപയോഗിച്ചു നടത്തിയ ജിസാറ്റ് 29 ഉപഗ്രഹദൗത്യ വിക്ഷേപണം വിജയം. 16 മിനിറ്റ് നീണ്ട പറക്കലിനൊടുവിൽ ജിയോ ട്രാൻസ്ഫർ ഓർബിറ്റിൽ 3423 കിലോ ഭാരമുള്ള ഉപഗ്രഹത്തെ എത്തിക്കാൻ റോക്കറ്റിനു കഴിഞ്ഞു. തുടർന്ന് ഉപഗ്രഹം ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉയർത്തും. ഒരു ഇന്ത്യൻ റോക്കറ്റ് ഇത്ര ഭാരമുള്ള ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത് ഇതാദ്യം.‌‌

ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റെന്നു ഖ്യാതിയുള്ള മാർക് ത്രീയുടെ മൂന്നാം പറക്കലായിരുന്നു ഇന്നലത്തേത്. ഫാറ്റ് ബോയ്, ഇന്ത്യൻ റോക്കറ്റുകളിലെ ബാഹുബലി തുടങ്ങിയ വിളിപ്പേരുകളുള്ള റോക്കറ്റിന്റെ 3 പറക്കലുകളും വിജയം കണ്ടു. ഇന്നലത്തെ ദൗത്യവിജയത്തോടെ പൂർണസജ്ജമായ വിക്ഷേപണ വാഹനങ്ങൾക്കിടയിൽ മാർക് ത്രീ ഔദ്യോഗികമായി സ്ഥാനമുറപ്പിക്കുകയും ചെയ്തു.

ഈ നേട്ടം 2022 ൽ ഇന്ത്യ പദ്ധതിയിടുന്ന ബഹിരാകാശ മനുഷ്യദൗത്യമായ ‘ഗഗൻയാന്’ കരുത്തേകും. ഗഗൻയാൻ വഹിക്കുന്നതും മാർക്ക് ത്രീ ആണ്.‌ വിജയം കൈവരിച്ച ഐഎസ്ആർഒ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

മാർക്ക് ത്രീ അഥവാ പന്തയക്കുതിര

25 വർഷത്തെ ഗവേഷണത്തിനു ശേഷം ഐഎസ്ആർഒ വികസിപ്പിച്ച ജിഎസ്എൽവി മാർക് ത്രീയുടെ ആദ്യ പരീക്ഷണപ്പറക്കൽ കഴിഞ്ഞ വർഷം ജൂൺ 25 നായിരുന്നു. 630 ടൺ ഭാരമുള്ള, 5ാം തലമുറ വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക് ത്രീ റോക്കറ്റിനു 14 നില കെട്ടിടത്തിന്റെ ഉയരവും 4000 കിലോ ഭാരമുള്ള ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുമുണ്ട്.

3 പ്രവർത്തന ഘട്ടങ്ങളുള്ള റോക്കറ്റിന്റെ 3ാം ഘട്ടം പൂർണമായി ഇന്ത്യൻ നിർമിത ക്രയോജനിക് എൻജിനിൽ പ്രവർത്തിക്കുന്നതാണ്. ജിഎസ്എൽവി ശ്രേണിയിലെ രണ്ടാമനായ മാർക്ക് 2 വിനെക്കാൾ ഇരട്ടി കരുത്തനാണ് മാർക് ത്രീ.

ജിസാറ്റ് 29

ലക്ഷ്യം: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മു കശ്മീർ‌ എന്നിവിടങ്ങളിൽ മെച്ചപ്പെട്ട ഡിജിറ്റൽ ആശയ വിനിമയം സാധ്യമാക്കുക. ഡിജിറ്റൽ ഇന്ത്യ പദ്ധതിക്കു പിന്തുണ നൽകുക.

കാലാവധി: 10 വർഷം

related stories