ന്യൂഡൽഹി ∙ വജ്രവ്യാപാരി നീരവ് മോദി മുഖ്യപ്രതിയായ 11,400 കോടി രൂപയുടെ വായ്പാത്തട്ടിപ്പു കേസിൽപെട്ട പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) റിട്ട. ഡപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടിക്കെതിരെ വരവിൽ കവിഞ്ഞ സ്വത്തു സമ്പാദനത്തിന് സിബിഐ കേസെടുത്തു.
2011– 17 കാലത്ത് ഷെട്ടിയും ഭാര്യ ആശാലതയും 2.63 കോടി രൂപയുടെ അനധികൃതസ്വത്തു സമ്പാദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നീരവ് മോദി കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഷെട്ടിയെ സിബിഐ അറസ്റ്റു ചെയ്തിരുന്നു.
വ്യാജരേഖകൾ നൽകി പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 11,400 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യവിട്ട നീരവ് മോദിക്കായി ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.